Header Ads

ad728
  • Breaking News

    കൈറ്റിന്റെ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒ.എസ് സ്യൂട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

    ▂▂▂▂▂▂▂▂▂▂▂▂▂▂
    തിരുവനന്തപുരം: പുതിയ ലാപ്ടോപ്പുകള്‍ക്കായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ 'കൈറ്റ് ഗ്നൂ/ലിനക്സ് 20.04’ (Kite gnu/Linux 20.04)എന്ന പരിഷ്കരിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഓപറേറ്റിംഗ് സിസ്റ്റം (ഒ.എസ്) സ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയ‍ന്‍ പ്രകാശനം ചെയ്തു. സ്കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഡി.ടി.പി സെന്ററുകള്‍, സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ തുടങ്ങിയവർക്കും സമ്പൂര്‍ണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്ഫോമായി ഈ ഒ.എസ് സ്യൂട്ട് സൗജന്യമായി ഉപയോഗിക്കാനാകും. നിയമസഭാ ഹാളില്‍ വെച്ച് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ തിരുവനന്തപുരം കോട്ടണ്‍ഹില്ലിലെ എം.എസ് കലാവേണിക്കും സെന്റ് ജോസഫ് സ്കൂളിലെ ആകാശ് ജെ-ക്കും ഒ.എസ് സ്യൂട്ട് നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചത്. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്തും പങ്കെടുത്തു.  

    പ്രമുഖ സ്വതന്ത്ര ജനകീയ ഓപറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഇതുവരെയുള്ള എല്ലാ അപ്‍ഡേറ്റുകളും ഉള്‍പ്പെടുത്തിയതാണ് കൈറ്റ് ഗ്നൂ/ലിനക്സ് 20.04. ഉബുണ്ടു 20.04 റെപ്പോസിറ്ററിയില്‍ ഇല്ലാത്ത പല സോഫ്റ്റ്‌വെയറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മിക്ക സോഫ്റ്റ്‌വെയറുകളും ഏറ്റവും പുതിയ വേര്‍ഷനുകളിലേക്ക് അപ്ഡേറ്റു ചെയ്യുകയും, ഹയർസെക്കണ്ടറി-വൊക്കേഷണൽ ഹയർസെക്കണ്ടറി ഉള്‍പ്പെടെയുള്ള സ്കൂള്‍ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

    മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരവും ഓഫീസ് പാക്കേജുകള്‍, ഭാഷാഇൻപുട്ട് ടൂളുകൾ, ഡാറ്റാബേസ് അപ്ലിക്കേഷനുകള്‍, ഡി.ടി.പി-ഗ്രാഫിക്സ് -ഇമേജ് എഡിറ്റിങ് സോഫ്റ്റ്‍വെയറുകള്‍, സൗണ്ട് റിക്കോര്‍ഡിങ്-വീഡിയോ എഡിറ്റിങ്-ത്രിഡി അനിമേഷന്‍ പാക്കേജുകൾ പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കള്‍, ഡാറ്റാബേസ് സര്‍വറുകള്‍, മൊബൈൽ ആപ്പുകളുടെ ഡെസ്‍ക്ടോപ് വേർഷനുകൾ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ഐ.ടി ഉപയോഗിച്ച് പഠിക്കാനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്റ്റ്‍വെയറുകളായ ജിയോജിബ്ര, ജികോമ്പ്രിസ് തുടങ്ങിയവയും ഈ ഒ.എസ് സ്യൂട്ടിലുണ്ട്.

    ചെലവേറിയതും എഞ്ചീനിയറിംഗ് കോഴ്സുകള്‍ക്ക് വരെ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓട്ടോകാഡിന് പകരം സ്വതന്ത്ര സോഫ്റ്റ്‍വെയറായ ലിബ്രകാഡും, ഡി.ടിപിക്ക് സ്ക്രൈബസ് സ്വതന്ത്രസോഫ്റ്റ്‍വെയറും ഈ സ്യൂട്ടിന്റെ ഭാഗമായുണ്ട്. കൈറ്റ് വെബ്സൈറ്റിലെ (kite.kerala.gov.in) ഡൗണ്‍ലോഡ്സ് ലിങ്കിൽ നിന്ന് ഒ.എസ് സ്യൂട്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728