കുഴിക്കൽ തകൃതി;നാഥനില്ലാതെ നടുവിൽ ശ്രീകണ്ഠപുരം റോഡ്
കിഫ്ബി അറ്റകുറ്റപ്പണി നീണ്ടേക്കും
ശ്രീകണ്ഠപുരം: ഗ്രാമീണ റോഡുകളടക്കം സഞ്ചാരയോഗ്യമാക്കുന്ന പണി നടക്കുമ്പോൾ നടുവിൽ ശ്രീകണ്ഠപുരം റോഡിൽ തകൃതിയായി നടക്കുന്നത് കുഴിയെടുത്ത് കൊളമാക്കൽ. പതിറ്റാണ്ടുകളായി റീ ടാറിംഗ് നടക്കാതെ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായ റോഡിൻ്റെ ദുരിതം സോഷ്യൽ മീഡിയയിലടക്കം വിവാദമായപ്പോഴും സമരപരിപാടികൾ തുടങ്ങിയപ്പോഴാണ് മന്ത്രി റിയാസ് ഇടപെട്ടത്.എന്നാൽ മന്ത്രിയുടെ വാക്കിനും വില കൽപിക്കാതെ മാസങ്ങൾ കഴിഞ്ഞാണ് പേരിന് അറ്റകുറ്റപ്പണി നടത്തിയത്.അതും സഞ്ചാര യോഗ്യമാവാത്ത വിധത്തിൽ.
ഉദ്യോഗസ്ഥ മേൽനോട്ടമില്ലാതെ തോന്നിയത് പോലെ നടത്തിയ ഈ പ്രവൃത്തിക്കെതിരെ മന്ത്രിക്ക് തന്നെ പരാതി നൽകിയിട്ടുണ്ട്.
നേരത്തെ അനുവദിച്ച തുകയുടെ പ്രവൃത്തിയാണിതെന്നും ശേഷം കിഫ്ബിക്ക് ഈ റോഡ് കൈമാറിയിട്ടുണ്ടെന്നും അതിൻ്റെ ഭാഗമായാ 40 ലക്ഷം രൂപ പ്രത്യേക ഫണ്ട് അറ്റകുറ്റപ്പണിക്ക് അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.
എന്നാൽ അത് ഇത് വരെ നടന്നിട്ടില്ല. നേരത്തെ കഴിഞ്ഞ പ്രവൃത്തിയുടെ ഡിസപ്റ്റ് ലേബിലിറ്റി പിരീയഡ് കഴിയാതെ പണി തുടങ്ങാനാവില്ലെന്നും എന്നാൽ റോഡിൻ്റെ ദുരവസ്ഥ മനസ്സിലാക്കി പ്രത്യേക റിപ്പോർട്ട് നൽകി പണി പെട്ടെന്ന് നടത്താനാണ് ശ്രമിക്കുന്നതെന്നും കിഫ്ബി വൃത്തങ്ങൾ അറിയിച്ചു. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയ ഭാഗം ഒഴിവാക്കിത്തന്നെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ് ഗതാഗത യോഗ്യമാക്കാം എന്നാണ് പൊതുജനങ്ങൾ പറയുന്നത്.
വീണ്ടും മഴ വരാനിരിക്കെ 11 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൻ്റെ കോട്ടൂർ വയൽ വേളായി വരെയുള്ള ഭാഗത്തെ യാത്ര വലിയ ദുരിതമാവും ഉണ്ടാക്കുക.
നിലവിൽ നിടിയങ്ങ മുതൽ നടുവിൽ വരെയുള്ള ഭാഗത്ത് ജിയോ യുടെ 5 ജി കേബിൾ കുഴി നടത്തുകയാണ്. ചൈനീസ് സെൽക്കോൺ മെഷീൻ ഉപയോഗിച്ച് ടാറിംഗ് റോഡിന് സമീപത്ത് കുഴിച്ച് ഏഴടി താഴ്ച്ചയിൽ ഇരുമ്പ് റാഡ് ഉപയോഗിച്ച് തുരന്നാണ് പ്രവൃത്തി നടത്തുന്നത്. പലയിടത്തും ചളിക്കുളമായിട്ടുണ്ട്. ടാറിംഗടക്കം ഇത്തരത്തിൽ പൊളിച്ചിട്ടുണ്ട്.ജെ സി ബി ഉപയോഗിച്ച് കുഴിയെടുത്തും കേബിൾ ഇടുന്നുണ്ട്. പൊടി ശല്യവും അതി രൂക്ഷമാണ്.
അനുമതിയോട് കൂടിയാണെങ്കിലും പൊതുമരാമത്ത് ഉദ്യോഗസ്ഥരോ ബന്ധപ്പെട്ട നഗരസഭ അധികൃതരോ ഇത് അറിഞ്ഞ മട്ടില്ല.
എന്തും ആർക്കും ചെയ്യാം, ആരും ചോദിക്കാനില്ല എന്ന മട്ടിൽ അനാഥമായിരിക്കുകയാണ് നിലനിൽ നടുവിൽ ശ്രീകണ്ഠപുരം റോഡ്.
പടം : നടുവിൽ റോഡിൽ നടക്കുന്ന കേബിൾ കുഴി പ്രവൃത്തി.?
No comments