Header Ads

ad728
  • Breaking News

    തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് കര്‍മപദ്ധതി


    17/02/2022

    തിരുവനന്തപുരം: തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ആരംഭിക്കുന്നതിന് കര്‍മ പദ്ധതി രൂപീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

    കര്‍മ പദ്ധതി അനുസരിച്ച് സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കണം. കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കായി പ്രത്യേകമായി ട്രാന്‍സ്‌പ്ലാന്റ് യൂണിറ്റ് സജ്ജമാക്കണം. മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ തുടങ്ങാനാവശ്യമായ ഉടന്‍ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്നതാണ് കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ. സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ ഒരിടത്തും കരള്‍ മാറ്റിവ‌യ്‌ക്കല്‍ ശസ്‌ത്രക്രിയ നടക്കുന്നില്ല എന്ന അവസ്ഥയിലാണ് സര്‍ക്കാര്‍ ഇടപെട്ടത്.

    തിരുവനന്തപുരം, കോട്ടയം ഗവ മെഡിക്കല്‍ കോളേജുകളില്‍ കരള്‍മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ മുന്നൊരുക്കമാണ് നടത്തിയത്. കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം കരള്‍മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി നടന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഇതിനുള്ള സംവിധാനം സജ്ജമാക്കും. രണ്ട് മെഡിക്കല്‍ കോളേജുകളിലും കരള്‍മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയകള്‍ക്കായുള്ള ഓപ്പറേഷന്‍ തീയറ്റര്‍, ലിവര്‍ ട്രാന്‍പ്ലാന്റ് ഐസിയു, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വിഭാഗം ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.

    ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ റംലാ ബീവി, ജോ ഡയറക്ടര്‍ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സാറ വര്‍ഗീസ്, ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി കൃഷ്‌ണദാസ്, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി രമേഷ് രാജന്‍, അനസ്‌തീഷ്യ വിഭാഗം മേധാവി ലിനറ്റ് എന്നിവര്‍ പങ്കെടുത്തു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728