Header Ads

ad728
  • Breaking News

    ലോകായുക്ത: ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ; നിയമഭേദഗതി നിലവിൽ വന്നു



    _*തിരുവനന്തപുരം*_ _ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. വിദേശയാത്രയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു._

    _ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ ലോകായുക്തയ്ക്ക് ഈ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവർണർ മറുപടി നൽകിയെന്നാണ് വിവരം._

    _ലോകായുക്ത ഓർഡിനൻസുമായി മന്ത്രി പി.രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ തയാറായിരുന്നില്ല. സർക്കാർ വിശദീകരണം നൽകിയശേഷവും ഗവർണർ വഴങ്ങിയില്ല. അഡീഷനൽ അഡ്വക്കറ്റ് ജനറൽ പദവി വഹിച്ചിരുന്നയാളുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. ഗവർണറെ അതിവേഗം അനുനയിപ്പിക്കാൻ ഇതും സർക്കാരിനെ പ്രേരിപ്പിച്ചു._

    _ഗവർണറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഹരി എസ്.കർത്തായെ നിയമിക്കണമെന്നു നിർദേശിച്ചു രാജ്ഭവനിൽനിന്നെത്തിയ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതിനൊപ്പം ഇൗ നിയമനം മുഖ്യമന്ത്രിയും അംഗീകരിക്കാനാണു സാധ്യത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ക്രമക്കേട് നടന്നുവെന്ന കേസില്‍ പരാതിക്കാര്‍ ലോകായുക്തയില്‍ ഇന്നു രേഖകള്‍ സമര്‍പിക്കുകയും ചെയ്യും._

    _നിയമസഭാ സമ്മേളനം സംബന്ധിച്ചു മറ്റന്നാൾ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കാനും സാധിക്കും. സഭ ചേരാൻ നിശ്ചയിച്ചുകഴിഞ്ഞാൽ ഓർഡിനൻസിൽ‌ ഒപ്പിടരുതെന്നാണു ചട്ടം. അതിനാലാണു സഭാ സമ്മേളന തീയതി തീരുമാനിക്കാനും വൈകുന്നത്._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728