Header Ads

ad728
  • Breaking News

    മോന്‍സന്റെ ശബരിമല ചെമ്പോല വ്യാജം; യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല-മുഖ്യമന്ത്രി




    കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ചെമ്പോല യഥാർഥമാണെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

    ശബരിമല വിധി വന്ന സമയത്ത് ആചാര അനുഷ്ഠാനങ്ങൾ സംബന്ധിച്ച ആധികാരിക രേഖയായി അവതരിപ്പിക്കപ്പെട്ട ചെമ്പോലയെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ചില മാധ്യമങ്ങളിൽ അതേക്കുറിച്ച് വാർത്തകൾ വന്നിരുന്നു. വാർത്ത നൽകിയ ദേശാഭിമാനിക്കെതിരേ നടപടിയെടുക്കുമോ എന്ന് ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. ഈ ചോദ്യം അടക്കമുള്ളവയ്ക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

    മുൻ ഡിജിപി ലോക്നാഥ് ബെഹ്റ മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെഹ്റ അവിടെ സന്ദർശിച്ചതിന് ശേഷമുണ്ടായ സംശയത്തെ തുടർന്നാണ് ഇന്റലിജൻസിനോട് ഇക്കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ എൻഫോഴ്സ്മെന്റിനോട് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു.

    കേസിൽ അന്വേഷണം ഗൗരവമായി നടക്കുകയാണ്. അന്വേഷണത്തിൽ ആക്ഷേപകമായ ഒരുകാര്യവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കേസന്വേഷണം നടക്കട്ട, ആദ്യമേ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ നിൽക്കണ്ടെന്നും മോൻസൻ വിഷയത്തിൽ പ്രതിപക്ഷ നിരയിലെ എംഎൽഎമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

    പോലീസിന്റെ കൊക്കൂൺ കോൺഫറൻസിൽ മോൻസൻ പങ്കെടുത്തതായി അറിവില്ല. പുരാവസ്തുക്കൾക്ക് സംരക്ഷണം നൽകിയത് അന്വേഷിക്കുമെന്നും തെറ്റ് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    ചെമ്പോല മോൻസന്റെ സുഹൃത്ത് സന്തോഷിന് കൈമാറിയത് താനാണെന്ന് നേരത്തെ തൃശൂർ സ്വദേശി ഗോപാലകൃഷ്ണൻ അവകാശപ്പെട്ടിരുന്നു. 300 വർഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണൻ അവകാശപ്പെട്ടിരുന്നു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728