Header Ads

ad728
  • Breaking News

    ഉത്ര വധം: ഭര്‍ത്താവ് സൂരജ് കുറ്റക്കാരന്‍; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ


    ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്ന ഭര്‍ത്താവ് സൂരജ് കുറ്റക്കാരന്‍. കൊല്ലം ആറാം അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വിധി പ്രഖ്യാപനം മറ്റന്നാളെന്ന് കൊല്ലം അഡീ. സെഷന്‍സ് കോടതി ജഡ്ജി എം മനോജ്. കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവാണ് കുറ്റങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും വിചിത്രവും പൈശാചികവും ദാരുണവുമായ കേസെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ. സ്വന്തം ഭാര്യ വേദനയാല്‍ നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണം. എന്തെങ്കിലും പറയാനുണ്ടോയെന്ന് പ്രതി സൂരജിനോട് കോടതി ചോദിച്ചു. ഒന്നുമില്ലെന്ന് മറുപടി നൽകി.

    2020 മേയ് ഏഴിനാണ് മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് ഉത്ര മരിച്ചത്. കൊലപാതകമാണെന്ന എട്ടു പേജുള്ള പരാതിയുമായി ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്പിയായിരുന്ന ഹരിശങ്കറിനെ കണ്ടതോടെയാണ് കൊലപാതകത്തി‌ലേക്ക് അന്വേഷണമെത്തിയത്. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം. കഴിഞ്ഞവര്‍ഷം ഒാഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണനടപടികളും വേഗത്തിലായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി.

    ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ –ഗൂഢാലോചനയോടെയുള്ള കൊലപാതകം(302), നരഹത്യാ ശ്രമം(307), കഠിനമായ ദേഹോപദ്രവം (326), വനംവന്യജീവിനിയമം (115) എന്നിവയാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മൂർഖന്‍ പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധന ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന എന്നിവയുമുണ്ട്. പൊലീസിനൊപ്പം സർപ്പശാസ്ത്രജ്‍ഞരും വിഷയവിദഗ്ധരും അന്വേഷണത്തിൽ പങ്കാളികളായി. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ്‍ സുരേഷില്‍ നിന്നാണ് സൂരജ് ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ വാങ്ങിയത്. കേസില്‍ വിധി പറയുന്നതോടെ മാപ്പുസാക്ഷിയായ സുരേഷ് ജയിൻ മോചിതനാകുമെന്നാണ് വിവരം. കൊലപാതകക്കേസിലെ വിധി തന്നെയാണ് പ്രധാനം. ഗാര്‍ഹികപീ‍ഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസിലും വിചാരണനടപടികള്‍ പൂര്‍ത്തിയായിട്ടില്ല.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728