Header Ads

ad728
  • Breaking News

    ഗാംഗുലി ഇടപെട്ടു, ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ സമ്മതിച്ച് ദ്രാവിഡ്; പ്രഖ്യാപനം ഉടൻ


    ന്യൂഡൽഹി: ആരാധകരുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക്. ടീമിന്റെ മുഖ്യ പരിശീലകനാകാൻ ആദ്യം വിമുഖത പ്രകടിപ്പിച്ച ദ്രാവിഡ് കടുത്ത സമ്മർദ്ദത്തിനൊടുവിൽ സമ്മതമറിയിച്ചതായാണ് റിപ്പോർട്ട്. ദ്രാവിഡിന്റെ അടുത്ത സുഹൃത്തും മുൻ ഇന്ത്യൻ നായകനുമായിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഇടപെടലിനെ തുടർന്നാണ് ദ്രാവിഡ് മനസ്സു മാറ്റിയതെന്നാണ് സൂചന.

    ഇപ്പോഴത്തെ പരിശീലകൻ രവി ശാസ്ത്രി വിരമിക്കുന്ന സ്ഥാനത്തേക്കാണ് ദ്രാവിഡ് എത്തുന്നത്. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായ അദ്ദേഹം ട്വന്റി20 ലോകകപ്പിനു ശേഷം പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും.
    നേരത്തെ പരിശീലക ചുമതല ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം ദ്രാവിഡ് നിരസിച്ചിരുന്നു. കുടുംബപരമായ വിഷയങ്ങളും മക്കളുടെ പഠിത്തവും ചൂണ്ടിക്കാട്ടിയാണ് സീനിയർ ടീമിന്റെ പരിശീലക സ്ഥാനമേൽക്കാൻ താൽപര്യമില്ലെന്ന് രാഹുൽ ബിസിസിഐയെ അറിയിച്ചത്. എന്നാൽ ഇന്നലെ ഐപിഎൽ ഫൈനലിനുശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും നടത്തിയ കൂടിക്കാഴ്ചയിലാണ് ദ്രാവിഡ് സമ്മതം മൂളിയതെന്നാണ് വിവരം.

    ദ്രാവിഡിനു പുറമേ ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, ഐപിഎൽ ടീമുകൾക്കൊപ്പം പ്രവർത്തിച്ചു പരിചയമുള്ള വി.വി.എസ്. ലക്ഷ്മൺ, വീരേന്ദർ സേവാഗ്, സഹീർ ഖാൻ എന്നിവരുടെ പേരുകളും പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. രവി ശാസ്ത്രിയ്ക്കൊപ്പം ബോളിങ് കോച്ച് ഭരത് അരുണിന്റെ കാലാവധിയും അവസാനിക്കും. പരസ് മാംബ്രെ ദ്രാവിഡിനൊപ്പം ഇന്ത്യയുടെ ബ‌ോളിങ് പരിശീലകനായി ചേരുമെന്നാണ് റിപ്പോർട്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728