Header Ads

ad728
  • Breaking News

    എഴുപത് വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോദി വില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.



    ദില്ലി: എഴുപത് വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോദി വില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവ‍ർക്ക് പ്രയോജനപ്പെടേണ്ട എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ്. ഇത് വലിയ ദുരന്തമാണ്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി ദില്ലിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറ‍ഞ്ഞു.
    എഴുപത് വര്‍ഷം രാജ്യത്ത് ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞത്. എന്നാല്‍ 70 വര്‍ഷത്തെ സന്പത്താണ് ഇപ്പോള്‍ വില്‍ക്കുന്നത്. മോദി സര്‍ക്കാര്‍ സമ്പദ്‍മേഖലയെ തകര്‍ത്തു. എന്താണ് ചെയ്യേണ്ടതെന്ന് സർക്കാരിന് അറിയില്ലെന്നും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. റെയിൽ, റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
    ഇതിന്‍റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു. നാല് വർഷം കൊണ്ട് സർക്കാർ ആസ്തികളിൽ നിന്ന് വരുമാനം സമാഹരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.  ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കും. കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങളാണ് കേന്ദ്രധനമന്ത്രി വിശദീകരിച്ചത്.
    സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയിൽവ, വ്യോമയാനം, തുറമുഖം, വാർത്താവിതരണം, ഖനികൾ തുടങ്ങിയ മേഖലകളിൽ സ്വകാര്യ മേഖലക്ക് നിശ്ചിത കാലത്തേക്ക് കൈമാറും.  സ്വകാര്യമേഖലക്ക് കൈമാറിയാലും സർക്കാർ നിയന്ത്രണത്തിൽ തന്നെ തുടരും. ഇതിൽ നിന്നുകിട്ടുന്ന അധിക വരുമാനത്തിലൂടെയാകും ആറ് ലക്ഷം കോടി സമാഹരിക്കുക. വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ തീരുമാനം വഴിവെച്ചിരിക്കുന്നത്. 
    ➖➖➖➖➖➖➖➖➖➖➖

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728