Header Ads

ad728
  • Breaking News

    അഞ്ച് പേരുടെ ജീവിതത്തിൽ പുതുപ്രകാശമേകിപ്രകാശൻ യാത്രയായി....

        
     അഞ്ച് പേരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണമേകിയാണ് കരുനാഗപ്പള്ളി സ്വദേശി പ്രകാശൻ യാത്രയായത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് കരുനാഗപ്പള്ളി തറയിൽ ഹൗസിൽ പ്രകാശന്റെ (50) മസ്തിഷ്ക മരണം സംഭവിച്ചത്.
    പ്രകാശന്റെ കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് അഞ്ചു രോഗികൾക്ക് ദാനം ചെയ്തത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്. കോവിഡ് മഹാമാരിക്കാലത്തും പ്രകാശന്റെ കുടുംബത്തിന്റെ സന്നദ്ധതയാണ് അവയവദാനം സാധ്യമാക്കിയത്.
    പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാശനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഗൃഹനാഥന്റെ വേർപാട് ആ കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിലൂടെ മറ്റാർക്കെങ്കിലും ജീവിതം തിരിച്ചുനൽകാനാകുമോയെന്ന ചിന്ത പ്രകാശന്റെ ഭാര്യ ഇന്ദുവും മക്കളായ പ്രിഥ്വി ദേവ്, പ്രഥ്യുദ് ദേവ് എന്നിവർ മറ്റു കുടുംബാംഗങ്ങളുമായി പങ്കുവച്ചു.

    കിംസ് ആശുപത്രിയിലെ ട്രാൻസ്‌പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ. മുരളീധരനോട് പ്രകാശന്റെ ബന്ധുക്കൾ ഇതേക്കുറിച്ച് ആരാഞ്ഞു. അദ്ദേഹം സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡൽ ഓഫീസർ ഡോ.നോബിൾ ഗ്രേഷ്യസിന് വിവരം കൈമാറുകയായിരുന്നു. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് മൃതസഞ്ജീവനി സംസ്ഥാന കൺവീനർ കൂടിയായ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസിന്റെയും ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജോബി ജോൺ എന്നിവരുടെ പിന്തുണയോടെ അവയവദാന പ്രക്രിയയ്ക്കുള്ള നടപടികൾ പൂർത്തീകരിച്ചു.
    മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസർ ഡോ. സതീഷ് കുറുപ്പ്, ഡോ ഉഷാകുമാരി (അനസ്തേഷ്യ). കിംസ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ. രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ ചിത്രാ രാഘവൻ, ഡോ. ഡാലിയ ദിവാകരൻ, ഡോ. സൂസൻ, ഡോ. പി ആർ ഇന്ദു, ഡോ റുക്സാന, ഡോ. ഐഷാ നിസാമുദീൻ, ഡോ. ശ്വേത എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി.
    അവയവദാനത്തിനു സന്നദ്ധരായ കുടുംബാംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അഭിനന്ദിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തും മസ്തിഷ്ക മരണാനന്തര അവയവദാനത്തിന് വലിയ പിന്തുണയാണ് നൽകിയിരുന്നത്.
    =============================
           

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728