ഭണ്ഡാരം കുത്തിത്തുറക്കാനുള്ള ശ്രമം പാളി; കണ്ണൂരിൽ മൂന്ന് ചാക്ക് തേങ്ങയുമായി മുങ്ങിയ 14കാരൻ പിടിയിൽ
കണ്ണൂർ : കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂന്ന് ചാക്ക് തേങ്ങയുമായി കടന്നുകളഞ്ഞ 14കാരനെ പൊലീസ് കണ്ടെത്തി. പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണശ്രമം നടന്നത്.
പുലർച്ചെ 1.30ഓടെ ക്ഷേത്രത്തിലെത്തിയ കുട്ടി ഭണ്ഡാരത്തിനടുത്തെത്തി പൂട്ട് തുറക്കാൻ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ക്ഷേത്രവളപ്പിൽ ചടങ്ങുകൾക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങയെടുത്ത് കടന്നുകളയുകയായിരുന്നു. വഴിയിലൂടെ വന്ന ഓട്ടോറിക്ഷയിലാണ് തേങ്ങ കടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിനു പിന്നാലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. സമീപപ്രദേശത്തുനിന്ന് രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ 14കാരനാണ് മോഷണശ്രമത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി.
വീട് വിട്ടിറങ്ങിയ സമയത്ത് സമീപത്തുനിന്ന് ഒരു സൈക്കിളും ഫോണും മോഷ്ടിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
No comments