Header Ads

ad728
  • Breaking News

    പയ്യാമ്പലം ഇനി നിര്‍ബന്ധിത മാലിന്യവിമുക്ത പ്രദേശം


    പയ്യാമ്പലം ബീച്ചും പാർക്കും പരിസരങ്ങളും നിർബന്ധിത മാലിന്യ വിമുക്ത പ്രദേശമായി പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർ പി.വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

    1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2026 ലെ ഖരമാലിന്യ നിയന്ത്രണ നിയമം, 2026 മേയ് 18 ന് കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്, 2026 മേയ് അഞ്ചിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം, മുനിസിപ്പാലിറ്റി നിയമം, ഫുഡ് സേഫ്റ്റി നിയമം, പയ്യാമ്പലം ബീച്ചിലും പാർക്കിലും ജില്ലാ ഭരണകൂടം നേരിട്ട് നടത്തിയ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.

    ഇതോടെ പ്രദേശത്ത് ചപ്പുചവറുകളോ ഖരമാലിന്യമോ നിക്ഷേപിക്കുന്നത് കുറ്റകരമാകും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമപരമായ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യും. ഉദ്യോഗസ്ഥതല പയ്യാമ്പലം സോണ്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. ഡിടിപിസി, കണ്ണൂർ മുനിസിപ്പല്‍ കോർപറേഷൻ, ജില്ലാ ശുചിത്വ മിഷൻ, കേരള സംസ്ഥാന പൊലൂഷൻ കണട്രോള്‍ ബോർഡ്, പൊലിസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കോസ്റ്റല്‍ പൊലിസ്, മറ്റ് വകുപ്പുകള്‍, ജില്ലാ കളക്ടർ നോമിനേറ്റ് ചെയ്യുന്ന മറ്റ് ഏജൻസികള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.

    പയ്യാമ്പലം ബീച്ച്‌, പാർക്ക്, പരിസര പ്രദേശങ്ങള്‍ എന്നിവയുടെ വൃത്തി, മാലിന്യ സംസ്കരണം, പുല്ല് ചെത്തല്‍, മോടി പിടിപ്പിക്കല്‍ തുടങ്ങി ശുചിത്വവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും നേരിട്ട് പരിശോധിക്കുകയും റിപ്പോർട്ട് തയാറാക്കലുമാണ് കമ്മിറ്റി അംഗങ്ങളുടെ ചുമതല. റിപ്പോർട്ട് ആഴ്ചതോറും ക്രോഡീകരിച്ച്‌ ഡിടിപിസി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. അടിയന്തര പ്രശ്നങ്ങള്‍ കണ്ടാല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് തല്‍സമയം ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താം. ജില്ലാ കളക്ടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളും.രണ്ടാഴ്ച മുന്നറിയിപ്പ് കാലമായി കണക്കാക്കും. പയ്യാമ്പലം നിർബന്ധിത മാലിന്യമുക്ത കേന്ദ്രം എന്ന ബോർഡുകളിലൂടെയും അനൗണ്‍സ്മെന്റുകളിലൂടെയും പ്രദേശവാസികളുടെയും അവിടെയെത്തുന്ന സഞ്ചാരികളുടെയും കച്ചവടക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്തും. അതിനുശേഷമാകും നിയമലംഘനം കണ്ടാല്‍ നടപടികളിലേക്ക് പോകുക. യോഗത്തില്‍ അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, എഡിഎം കെ. ബാലഗോപാലൻ എന്നിവരും പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728