ആറ് മാസം റേഷൻ വാങ്ങാത്തവരുടെ കാർഡ് മരവിപ്പിക്കും; 1.58 കോടി പേരെ ഒഴിവാക്കാൻ കേന്ദ്രം; ഒക്ടോബർ മുതൽ പ്രാബല്യത്തിൽ
_*ന്യൂഡൽഹി*: രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ ഒക്ടോബർ മുതൽ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പൊതുവിതരണ സംവിധാനത്തിലെ (പി.ഡി.എസ്) ഡാറ്റാബേസ് ശുദ്ധീകരിക്കുന്നതിന്റെയും വ്യാജ, നിഷ്‌ക്രിയ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം._
_സർക്കാർ റേഷൻ കാർഡ് പട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ കുറച്ച് നാളുകളായി ശ്രമിക്കുന്നുണ്ട്. ഇതിനായി റേഷൻ കാർഡുകളെ ഡിജിറ്റൽ ആക്കുക, ആധാറുമായി ബന്ധിപ്പിക്കുക, ഇ-കെവൈസി നിർബന്ധമാക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇതിന്റെ തുടർച്ചയായാണ് പുതിയ നടപടി. ഈ ഗുണഭോക്താക്കളുടെ പേരുകൾ ഡാറ്റാബേസിൽ നിന്ന് ഉടൻ തന്നെ നീക്കം ചെയ്യില്ല എന്നതാണ് ശ്രദ്ധേയം. പകരം അവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കുകയാണ് ചെയ്യുക._
_തങ്ങൾ യഥാർത്ഥ ഗുണഭോക്താക്കളാണെന്ന് തെളിയിക്കാൻ ഇവർക്ക് മൂന്ന് മാസത്തെ സമയം നൽകും. ഈ കാലയളവിനുള്ളിൽ ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കിയാൽ അവരുടെ കാർഡുകൾ വീണ്ടും സജീവമാക്കും. ഭേദഗതി ചെയ്ത ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം ഓർഡർ പ്രകാരമാണ് ഈ നടപടി. സൈലന്റ് റേഷൻ കാർഡുകൾ എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന കാർഡുകൾക്കെതിരെയാണ് നടപടി. കഴിഞ്ഞ ആറ് മാസമായി ഭക്ഷ്യധാന്യ ആനുകൂല്യം വാങ്ങാത്ത കാർഡുകളെയാണ് സൈലന്റ് കാർഡുകൾ എന്ന് വിളിക്കുന്നത്._
_ആദ്യം താൽക്കാലികമായി മരവിപ്പിക്കുക, തുടർന്ന് ഫീൽഡ് വെരിഫിക്കേഷനും മൂന്ന് മാസത്തിനുള്ളിൽ ഇ-കെവൈസിയും നടത്തി അന്തിമ തീരുമാനം എടുക്കുക എന്നതാണ് ചട്ടത്തിലെ വ്യവസ്ഥ. യഥാർത്ഥ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കാനും, മരിച്ചുപോയവർ, കുടിയേറിപ്പോയവർ, ഇരട്ട കാർഡുകൾ, അർഹതയില്ലാത്തവർ എന്നിവർ മൂലമുണ്ടാകുന്ന ചോർച്ച തടയാനും ഇത്തരം ഡാറ്റാബേസ് ശുദ്ധീകരണം ആവശ്യമാണെന്നാണ് സർക്കാരിന്റെ വാദം._
_അതേസമയം, സർക്കാരിന്റെ ഈ സമീപനത്തെ വിദഗ്ധർ ചോദ്യം ചെയ്യുന്നുണ്ട്. ഒരു വ്യക്തിയുടെ പേര് നീക്കം ചെയ്തിട്ട് പിന്നീട് ഇ-കെവൈസിയിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ വീണ്ടും സിസ്റ്റത്തിൽ ചേരാൻ ആവശ്യപ്പെടുന്ന ഈ പ്രക്രിയ, ഉത്തരവാദിത്തം സർക്കാരിൽ നിന്ന് പൗരന്മാരിലേക്ക് മാറ്റുന്നതിന്റെ ഉദാഹരണമാണെന്ന് അസിം പ്രേംജി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ രാജേന്ദ്രൻ നാരായണൻ പറഞ്ഞു._
_റേഷൻ കാർഡ് ഡാറ്റാബേസ് പരിപാലിക്കുന്നതിനുള്ള പ്രധാന ഉപകരണമായി സർക്കാർ ഇ-കെവൈസിയെയാണ് മുന്നോട്ട് വെക്കുന്നത്. ഭക്ഷ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ജൂലൈ 30 വരെ ഇ-കെവൈസി കവറേജ് 90.64% ആയിട്ടുണ്ട്. ഇ-കെവൈസി അടിസ്ഥാനമാക്കിയുള്ള ഡാറ്റാ റീപ്ലിക്കേഷനും മൊബൈൽ നമ്പർ സീഡിങ്ങിനുമുള്ള (റേഷൻ കാർഡിലേക്ക് മൊബൈൽ ഫോൺ നമ്പർ ചേർക്കുന്നത്)പുതിയ പ്രോട്ടോക്കോളും നടപ്പിലാക്കിയിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു._
_ഒക്ടോബർ മുതൽ നടപ്പിലാകുന്ന പുതിയ നീക്കം പാവപ്പെട്ട കുടുംബങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾ, പ്രായമായവർ, സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർ എന്നിവർക്ക് ഇ-കെവൈസി പൂർത്തിയാക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം. മൂന്ന് മാസത്തിനുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ അവർക്ക് റേഷൻ നഷ്ടമാകുന്ന സാഹചര്യവും ഉണ്ടാകും._
No comments