പിന്നിൽ സത്താറല്ല ഗിറ്റാറാണ്,ഗിറ്റാർ പിറകിൽ തൂക്കി യാത്ര ചെയ്ത ബൈക്ക് യാത്രികന് പിന്നിലുള്ള ആൾക്ക് ഹെല്‍മറ്റില്ലെന്നും പറഞ് 500 രൂപ പിഴ
ബെംഗളൂരുവില്‍ എഐ ട്രാഫിക് ക്യാമറയുടെ വിചിത്രമായ പിഴവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹെല്‍മറ്റ് ധരിച്ച് ഒറ്റയ്ക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പിന്നില്‍ കെട്ടിവെച്ചിരുന്ന ഗിറ്റാറിനെ എഐ ക്യാമറ ഹെല്‍മറ്റില്ലാത്ത പിൻസീറ്റ് യാത്രക്കാരനായി തെറ്റിദ്ധരിക്കുകയായിരുന്നു.
തുടർന്ന് ഹെല്‍മറ്റ് ധരിക്കാതെ പിൻസീറ്റ് യാത്രക്കാരനെ കൊണ്ടുപോയെന്ന നിയമലംഘനത്തിന് 500 രൂപയുടെ ചലാൻ ലഭിച്ചു.
ഹെബ്ബാള്‍ സ്വദേശിയായ സൗവിക് ദത്തയാണ് സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഭാര്യയുടെ ഇരുചക്രവാഹനത്തില്‍ ഒറ്റയ്ക്കായിരുന്നു യാത്രയെന്നും ഗിറ്റാർ പിന്നില്‍ സുരക്ഷിതമായി കെട്ടിവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്രാഫിക് ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ ഗിറ്റാർ മറ്റൊരാള്‍ ഇരിക്കുന്നതുപോലെ തോന്നിയതോടെയാണ് എഐ സംവിധാനം നിയമലംഘനം കണ്ടെത്തിയത്.
സെപ്റ്റംബർ 15 ന് നടന്നതായി രേഖപ്പെടുത്തിയ നിയമലംഘനത്തിനാണ് അടുത്ത ദിവസം ഭാര്യയുടെ പേരില്‍ ചലാൻ ലഭിച്ചത്. ചലാനിനൊപ്പം ലഭിച്ച ചിത്രത്തില്‍ സൗവിക് ഹെല്‍മറ്റ് ധരിച്ചിരുന്നതും പിന്നില്‍ ഗിറ്റാർ കെട്ടിവെച്ചിരുന്നതും വ്യക്തമായിരുന്നു. ഇതോടെയാണ് എഐ സംവിധാനത്തിന്റെ പിഴവ് ചൂണ്ടിക്കാട്ടി അദ്ദേഹം ബെംഗളൂരു ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് ചലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ബെംഗളൂരു ട്രാഫിക് പോലീസ് ചലാൻ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ സൗവിക്കിനോട് ആവശ്യപ്പെട്ടു. അതേസമയം, ഗിറ്റാറിനെ പിൻസീറ്റ് യാത്രക്കാരനായി തിരിച്ചറിഞ്ഞ എഐ ക്യാമറയുടെ പിഴവ് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഓട്ടോമാറ്റിക് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങള്‍ ചില സാഹചര്യങ്ങളില്‍ ദൃശ്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാമെന്നതിന്റെ ഉദാഹരണമായാണ് സംഭവം ഇപ്പോള്‍ ചർച്ച ചെയ്യപ്പെടുന്നത്.
No comments