എൽ.പി.ജി-ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ: ഒക്ടോബർ 1ന് മുമ്പ് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
_ഒക്ടോബർ മാസം മുതൽ സാമ്പത്തിക മേഖലയിലും ചില ഉൽപ്പന്നങ്ങളുടെ വിലയിലും പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സബ്‌സിഡിയുള്ള എൽ.പി.ജി ഗ്യാസ് റീഫിൽ ലഭിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ ആണ് ഇതിലൊരു പ്രധാന മാറ്റം. സെപ്റ്റംബർ 30 ആണ് ഇതിനുള്ള അവസാന തീയതി. ഇതിൽ വീഴ്ച വരുത്തിയാൽ ഒക്ടോബർ 1 മുതൽ ഉപഭോക്താക്കൾക്ക് വിപണി നിരക്കിൽ മാത്രമേ എൽ.പി.ജി സിലിണ്ടറുകൾ ലഭിക്കൂ. നിങ്ങൾക്ക് ഗാർഹിക എൽ.പി.ജി കണക്ഷൻ ഉണ്ടെങ്കിൽ, ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയായിട്ടുണ്ടോ എന്ന് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും._
_*ആർക്കൊക്കെയാണ് ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ ആവശ്യമായിട്ടുള്ളത്?*_
_ഇതുവരെ ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കാത്തവരും സബ്‌സിഡിയോടെ നിയന്ത്രിത റീട്ടെയിൽ വിലയിൽ തുടർന്നും റീഫിൽ സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതുമായ എല്ലാ ഗാർഹിക എൽ.പി.ജി ഉപഭോക്താക്കളും ഈ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. നിങ്ങൾ ഇതിനകം ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ തുടർന്ന് മറ്റ് നടപടികളൊന്നും ആവശ്യമില്ല._
_*നിങ്ങളുടെ ഓതന്റിക്കേഷൻ പൂർത്തിയായിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?*_
_എല്ലാ എൽ.പി.ജി ഉപഭോക്താക്കൾക്കുമായി ഒരു പൊതുവായ ബി.എ.എ സ്റ്റാറ്റസ് പേജ് ലഭ്യമല്ല. നിങ്ങളുടെ ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ ഔദ്യോഗിക ഡിജിറ്റൽ ആപ്പ് വഴി എൽ.പി.ജി അക്കൗണ്ട് പരിശോധിക്കുക എന്നതാണ് ആദ്യ പടി._
_ഇൻഡേൻ ഉപഭോക്താക്കൾക്ക് 'IndianOil ONE' ആപ്പും, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് 'HelloBPCL' ആപ്പും, എച്ച്.പി ഗ്യാസ് (HP Gas) ഉപഭോക്താക്കൾക്ക് 'HP PAY' ആപ്പും ഉപയോഗിക്കാം. ആപ്പിൽ ലഭ്യമായ എൽ.പി.ജി അക്കൗണ്ട്, കെ.വൈ.സി (KYC) അല്ലെങ്കിൽ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുക. ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയായിട്ടുണ്ടോ എന്ന് ആപ്പിൽ വ്യക്തമായി കാണിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ എൽ.പി.ജി ഡിസ്ട്രിബ്യൂട്ടറുമായി ബന്ധപ്പെട്ട് ഉപഭോക്തൃ റെക്കോർഡ് പരിശോധിച്ച് ഉറപ്പുവരുത്തുക. ആപ്പിൽ സ്റ്റാറ്റസ് കാണുന്നില്ല എന്നതുകൊണ്ട് മാത്രം ഓതന്റിക്കേഷൻ ബാക്കിയുണ്ടെന്ന് കരുതരുത്._
_*എൽ.പി.ജി-ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാൻ മൂന്ന് വഴികളുണ്ട്:*_
_സിലിണ്ടർ വിതരണ സമയത്ത്: നിങ്ങളുടെ അടുത്ത എൽ.പി.ജി റീഫിൽ എത്തിച്ചുതരുമ്പോൾ വിതരണക്കാരനോട് ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെടാം. കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിതരണക്കാർക്ക് ഇത് ചെയ്തുതരാനാകും._
_എൽ.പി.ജി ഡിസ്ട്രിബ്യൂട്ടർ വഴി: നിങ്ങളുടെ എൽ.പി.ജി ഡിസ്ട്രിബ്യൂട്ടറുടെ ഷോറൂം സന്ദർശിച്ച് അവിടെവെച്ചും ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാം._
_ഔദ്യോഗിക ആപ്പ് വഴി: ഗ്യാസ് കമ്പനിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വയം ഈ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്._
_*ഒക്ടോബർ 1ന് മുമ്പ് ഇത് പൂർത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?*_
_തീയതി അവസാനിച്ചു എന്നതുകൊണ്ട് നിങ്ങൾക്ക് എൽ.പി.ജി ലഭിക്കാതിരിക്കില്ല. ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാൻ താല്പര്യമില്ലാത്തവർക്കും അതിന് സാധിക്കാത്തവർക്കും എൽ.പി.ജി തുടർന്നും ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനായി ഗ്യാസ് കമ്പനികളുടെ ഡിജിറ്റൽ മാർഗങ്ങൾ (വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വാട്സ്ആപ്പ് ചാറ്റ്ബോട്ട് അല്ലെങ്കിൽ ഐവിആർഎസ്) വഴി തങ്ങളുടെ താത്പര്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്._
_ഈ ഓപ്ഷനിൽ സബ്‌സിഡി ഇല്ലാതെ, നിലവിലെ വിപണി വിലയിൽ (ലഭ്യതയ്ക്കനുസരിച്ച് 5 കിലോ അല്ലെങ്കിൽ 10 കിലോ സിലിണ്ടറുകളിൽ) എൽ.പി.ജി വിതരണം ചെയ്യും. സബ്‌സിഡിയോടുകൂടിയ നിരക്കിൽ തുടർന്നും സിലിണ്ടറുകൾ ലഭിക്കാൻ ബി.എ.എ പൂർത്തിയാക്കണം._
_*ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ ഇല്ലാതെയും സിലിണ്ടർ ലഭിക്കുമോ?*_
_അതെ. കേന്ദ്ര സർക്കാന്‍റെ വിജ്ഞാപനപ്രകാരം, സബ്‌സിഡി നിരക്കിൽ ഗ്യാസ് ലഭിക്കുന്നതിന് മാത്രമാണ് ബയോമെട്രിക് ഓതന്റിക്കേഷൻ ബന്ധിപ്പിച്ചിരിക്കുന്നത്. അല്ലാതെ എൽ.പി.ജി വിതരണത്തിന് പൂർണ്ണമായ നിരോധനമില്ല._
_*എന്തുകൊണ്ടാണ് ബയോമെട്രിക് ഓതന്റിക്കേഷൻ ആവശ്യമെന്ന് പറയുന്നത്?*_
_സബ്‌സിഡി അർഹരായ ഉപഭോക്താക്കളിലേക്ക് മാത്രം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വ്യാജ അല്ലെങ്കിൽ അർഹതയില്ലാത്ത കണക്ഷനുകൾ കണ്ടെത്താനുമാണ് ഈ ഓതന്റിക്കേഷൻ രീതി നടപ്പിലാക്കുന്നത്._
*https://chat.whatsapp.com/FjhKOp5za0KLfbhqOt92T5?s=cl&p=a&ilr=4*
_2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് 14.2 കിലോ വരുന്ന ഗാർഹിക എ.ൽ.പിജി സിലിണ്ടറിന്റെ സബ്‌സിഡി തുക ഏകദേശം 210 രൂപയായിരുന്നു (ജൂണിൽ ഇത് സിലിണ്ടറൊന്നിന് 721 രൂപ വരെ എത്തിയിരുന്നു). അതിനാൽ, അർഹതയുള്ള ഒരു ഉപഭോക്താവ് ബി.എഎ. പൂർത്തിയാക്കിയില്ലെങ്കിൽ സബ്‌സിഡി നിരക്കിന് പകരം വിപണി വില നൽകേണ്ടി വരും. സബ്‌സിഡി വിതരണം കൂടുതൽ സുതാര്യമാക്കാനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്._
_*മുമ്പ് ഓതന്റിക്കേഷൻ പൂർത്തിയാക്കിയവർ എന്ത് ചെയ്യണം?*_
_വീണ്ടും ചെയ്യേണ്ടതില്ല. ഇതിനകം ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കിയ ഉപഭോക്താക്കൾക്ക് പഴയതുപോലെ തന്നെ റീഫിൽ ബുക്കിങ് തുടരാമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചിട്ടുണ്ട്._
_*എ.ൽ.പിജി ഉപഭോക്താക്കൾ എന്താണ് ചെയ്യേണ്ടത്?*_
_നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ച് ഉറപ്പില്ലെങ്കിൽ, ഗ്യാസ് ഏജൻസിയുടെ ഔദ്യോഗിക ആപ്പ് വഴി അക്കൗണ്ട് പരിശോധിക്കുക. വ്യക്തതയില്ലെങ്കിൽ ഡിസ്ട്രിബ്യൂട്ടറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക. ഓതന്റിക്കേഷൻ പൂർത്തിയായിട്ടില്ലെങ്കിൽ ആപ്പ് വഴിയോ, ഡിസ്ട്രിബ്യൂട്ടറുടെ ഷോറൂം സന്ദർശിച്ചോ, അല്ലെങ്കിൽ അടുത്ത സിലിണ്ടർ ഡെലിവറി സമയത്തോ അത് പൂർത്തിയാക്കുക._
_ബി.എ.എ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ ഒക്ടോബർ 1ന് മുമ്പ് ഇത് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എൽ.പി.ജി സംബന്ധമായ സഹായങ്ങൾക്ക് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം 1800-2333-555 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ നൽകിയിട്ടുണ്ട്._
No comments