എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിൽ കർശന നടപടി അധ്യാപകർക്കും അനധ്യാപകർക്കും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ
ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ജോലിയിൽ പ്രവേശിക്കുന്നത് പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (കെ.ഇ.ആർ) ആവശ്യമായ ഭേദഗതികൾ വരുത്തിക്കഴിഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങൾക്കും സഹകരണ മേഖലയ്ക്കും പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ നിയമനാംഗീകാരത്തിനായി സമർപ്പിക്കുന്ന രേഖകൾക്കൊപ്പം പൊലീസ് വെരിഫിക്കേഷൻ പെർഫോമ കൂടി ഉൾപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശം. ഈ ഫോറത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പൊലീസ് അധികാരികളിൽ നിന്നും അനുകൂല റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നിയമനത്തിന് അന്തിമ അംഗീകാരം നൽകുകയുള്ളൂ.
No comments