ഇനി തോന്നുംപടി ബില്ലിടാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ
ദില്ലി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുള്ളത്.
അനാവശ്യമായി ബിൽ തുക പെരുപ്പിച്ചു കാണിക്കുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന് പാർലമെന്ററി സമിതി. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം എന്നതടക്കമുള്ള വിപ്ലവകരമായ ശുപാർശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.
വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. അടിസ്ഥാന റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിൽ പരിമിതപ്പെടുത്തണമെന്നും, ഇതിനൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകൾ പ്രത്യേകം കണക്കാക്കി സുതാര്യമായി ബിൽ തയാറാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റൂം കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.
നാഷണൽ സാമ്പിൾ സർവേ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സമിതി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ശരാശരി 6,631 രൂപ ചികിത്സാ ചെലവ് വരുമ്പോൾ, സ്വകാര്യ ആശുപത്രികളിൽ ഇത് ശരാശരി 50,508 രൂപയോളമാണ്. അടിയന്തരമല്ലാത്ത സാധാരണ ചികിത്സകൾക്ക് പോലും സ്വകാര്യ മേഖലയിൽ അഞ്ചിരട്ടിയിലധികം തുക ചെലവാക്കേണ്ടി വരുന്നു. ഇത് രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ കടുത്ത സാമ്പത്തിക കടക്കെണിയിലേക്കാണ് തള്ളിയിടുന്നത്.
No comments