Header Ads

ad728
  • Breaking News

    പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമായി വ്യാജ മരുന്ന് റാക്കറ്റ്; ഡല്‍ഹിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

    ഗുരുഗ്രാം: ഡല്‍ഹിയില്‍ പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമായി ഉപയോഗിക്കുന്ന പ്രശസ്ത മരുന്നായ 'മൗന്‍ജാരോ'യുടെ വ്യാജ കുത്തിവപ്പുകള്‍ നിര്‍മ്മിച്ച വന്‍ റാക്കറ്റ് പുറത്ത്. സംഭവത്തില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ചൈനയില്‍ നിന്ന് അസംസ്‌കൃത രാസ വസ്തുക്കള്‍ ഇറക്കുമതി ചെയ്ത് അവ ഉപയോഗിച്ച് വ്യാജ മരുന്നുകള്‍ നിര്‍മ്മിച്ച സംഘമാണ് പിടിയിലായത്. ഗുരുഗ്രാമിലെ സെക്ടര്‍ 62ലെ ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ ഫ്‌ലാറ്റിലായിരുന്നു രഹസ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഓണ്‍ലൈന്‍ ബി2ബി പ്ലാറ്റ്‌ഫോമുകളിലൂടെ നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ മരുന്നുകള്‍ വിപണനം ചെയ്തിരുന്നുവെന്ന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കി. ഇന്ത്യാമാര്‍ട്ട് പോലുള്ള പോര്‍ട്ടലുകള്‍ വഴിയാണ് കുത്തിവപ്പുകള്‍ വിറ്റഴിച്ചതെന്നാണ് കണ്ടെത്തല്‍. അവി ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ ഉള്‍പ്പെടെ രണ്ടുപേരാണ് നിലവില്‍ അറസ്റ്റിലായത്. സംഘത്തിലെ മറ്റ് ആള്‍ക്കാരെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അസംസ്‌കൃത മരുന്ന് ഘടകങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് കുത്തിവപ്പുകള്‍ തയ്യാറാക്കിയിരുന്നത്. തുടര്‍ന്ന് അതേ ഫ്‌ലാറ്റില്‍ പാക്കേജിങ്, ബാര്‍കോഡ് ഒട്ടിക്കല്‍, ലേബലിങ് എന്നിവയും നടത്തിയിരുന്നു. ഇതിനായി ഉപയോഗിച്ച യന്ത്രങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. വ്യാജ കുത്തിവപ്പുകളുടെ ബാച്ച് നമ്പറുകള്‍ രാജ്യത്തെ ആരോഗ്യവകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇതുവഴി കൂടുതല്‍ സ്‌റ്റോക്കുകള്‍ കണ്ടെത്താനാകുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യവ്യാപകമായി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728