നഗരമധ്യത്തിൽ അധോലോകം; ലോൺ ആപ് ഗുണ്ടകൾ പൊലീസിനെയും തടഞ്ഞു: നേരിട്ടത് വലിയ പ്രതിസന്ധികൾ
ആപ് വഴി 15,000 രൂപ ലോണെടുത്ത നിതിൻരാജിന് സംഘം നൽകിയത് 13,250 രൂപയാണ്. തിരിച്ചടയ്ക്കേണ്ടിയിരുന്നത് 39,500 രൂപയും. വായ്പയ്ക്ക് റഫറൻസായി അമ്മ ലതയുടെ നമ്പർ നിതിൻ നൽകിയിരുന്നു. എന്നാൽ, നിതിൻരാജിന്റെ ഫോൺ കോൺടാക്ട് കൈവശപ്പെടുത്തിയ വായ്പ ഏജൻസി അതിലുള്ള പലരെയും വിളിച്ചു. കോൺടാക്ട് ലിസ്റ്റിൽ ‘ലത മാം’ എന്ന പേരിലായിരുന്നു അധ്യാപികയുടെ നമ്പർ. ഇത് അമ്മയുടെ നമ്പറെന്ന് ധരിച്ചായിരിക്കാം, അധ്യാപികയെ നിരന്തരം വിളിച്ചത്. നിതിന്റെ മരണശേഷം അധ്യാപികയുടെ ഫോണുമായാണ് പൊലീസ് സംഘം ബുധനാഴ്ച ഡൽഹിക്കു തിരിച്ചത്. ലോൺ സംഘത്തിന്റെ വിളികൾ അപ്പോഴും വന്നുകൊണ്ടിരുന്നു. പണം നൽകാമെന്നും അതിനു ശ്രമിക്കുകയാണെന്നും പറഞ്ഞ് വായ്പസംഘത്തെ പൊലീസ് സജീവമാക്കി നിർത്തി. നിതിന്റെ മരണം അവർ അറിഞ്ഞിരുന്നില്ല. വ്യാഴം വൈകിട്ട് മൂന്നോടെ വായ്പസംഘത്തിന്റെ കെട്ടിടം പൊലീസ് കണ്ടെത്തി.
നോയിഡ പൊലീസിലെ നാലുപേരും സഹായത്തിനുണ്ടായിരുന്നു. കേരള പൊലീസ് എത്തുമ്പോൾ നാൽപതോളം ജീവനക്കാർ ഓഫിസിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി ഭീഷണിപ്പെടുത്തുന്നതും നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം ഇവിടെനിന്നാണ്. ലോണെടുത്തവരെ വിളിക്കാൻ പ്രതികൾ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നത്. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സിം ബോക്സുകൾക്കു കഴിയും. സിംകാർഡുകളും ബോക്സുകളും പൊലീസ് പിടിച്ചെടുത്തു.
അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിനെ മരണത്തിലേക്കു നയിക്കാൻ കാരണക്കാരെന്നു പൊലീസ് സംശയിക്കുന്ന ലോൺ ആപ് സ്ഥാപനത്തിലെ 3 ജീവനക്കാരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (3) കോടതി റിമാൻഡ് ചെയ്തു. ഇവരുടെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. നിതിൻരാജിനെ ഭീഷണിപ്പെടുത്തിയ ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പിലെ ടെലിമാർക്കറ്റിങ് ജീവനക്കാരായ യുപി ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി (32), പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെ കഴിഞ്ഞ ദിവസം നോയിഡയിൽനിന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോൺ ആപ് ഉടമയെ പിടികൂടാനുണ്ട്.
No comments