Header Ads

ad728
  • Breaking News

    റെക്കോഡ് റണ്‍ ചേസുമായി രാജസ്ഥാൻ; വിസ്മയം ബട്‌ലര്‍


             

    _കൊല്‍ക്കത്ത: ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസുമായി രാജസ്ഥാൻ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ അദ്ഭുത വിജയം കുറിച്ചു._

    _രണ്ട് വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെ അവസാന പന്തില്‍ 224 റണ്‍സ് എന്ന വിജയ ലക്ഷ്യം ഓടിയെടുക്കുമ്ബോള്‍ ജോസ് ബട്‌ലറുടെ അദ്ഭുത ഇന്നിങ്സും ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ എഴുതിച്ചേർക്കപ്പെട്ടു._

    _56 പന്തില്‍ 109 റണ്‍സെടുത്ത ഓപ്പണർ സുനില്‍ നരെയ്നാണ് കൊല്‍ക്കത്തയെ കൂറ്റൻ സ്കോറിലേക്കു നയിച്ചത്. എന്നാല്‍, മറുവശത്തെ ബാറ്റിങ് തകർച്ചയെ കൂടി അതിജീവിച്ച്‌ ബട്‌ലർ 60 പന്തില്‍ പുറത്താകാതെ നേടിയ 107 റണ്‍സ് മത്സരഫലം അപ്രതീക്ഷിതമായി സന്ദർശക ടീമിന് അനുകൂലമായി തിരിക്കുകയായിരുന്നു. ആകെ 447 റണ്‍സ് പിറന്ന മത്സരത്തില്‍ നരെയ്നും ബട്‌ലറുമല്ലാതെ ഒരു ബാറ്റർ പോലും അർധ സെഞ്ചുറി പോലും നേടിയതുമില്ല._

    _മത്സരത്തില്‍ സുനില്‍ നരെയ്ന്‍റെ ബാറ്റിങ്._
    _നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആതിഥേയരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഫില്‍ സോള്‍ട്ടിനെ (13 പന്തില്‍ 10) വേഗത്തില്‍ നഷ്ടമായെങ്കിലും യുവതാരം അംഗ്‌കൃഷ് രഘുവംശിയെ (18 പന്തില്‍ 30) കൂട്ടുപിടിച്ച്‌ നരെയ്ൻ വെടിക്കെട്ടിനു തിരികൊളുത്തി._ _അതിനു ശേഷം റിങ്കു സിങ്ങിനു (9 പന്തില്‍ പുറത്താകാതെ 20) മാത്രമാണ് കാര്യമായ സംഭാവന നല്‍കാൻ സാധിച്ചത്. രാജസ്ഥാനു വേണ്ടി ആവേശ് ഖാനും കുല്‍ദീപ് സെന്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി._

    _റിങ്കുവിന്‍റെ കാമിയോ ഒഴിച്ചു നിർത്തിയാല്‍ നരെയ്ന്‍റെ വെടിക്കെട്ടിനു ശേഷം റണ്ണൊഴുക്ക് തടുത്തു നിർത്താൻ രാജസ്ഥാൻ നായകനും ബൗളർമാർക്കും സാധിച്ചത് മത്സരഫലത്തില്‍ നിർണായകമായെന്നു തെളിയിക്കുന്നതായിരുന്നു മറുപടി ബാറ്റിങ്._

    _യശസ്വി ജയ്സ്വാള്‍ (9 പന്തില്‍ 19) ഒരിക്കല്‍ക്കൂടി പ്രതീക്ഷയുണർത്തിയ ശേഷം നിരാശപ്പെടുത്തി. വൈഭവ് അറോറയുടെ മനോഹരമായ ഔട്ട്സ്വിങ്ങറില്‍ സ്ലിപ്പില്‍ വെങ്കടേഷ് അയ്യർക്കു ക്യാച്ച്‌. തുടർന്നെത്തിയ സഞ്ജു സാംസണും (8 പന്തില്‍ 12) നല്ല തുടക്കം മുതലാക്കാനാവാതെ മടങ്ങി. ഈ സമയമത്രയും റണ്‍ നിരക്ക് ഉ‍യർത്താൻ ബട്‌ലർ ബുദ്ധിമുട്ടിയപ്പോള്‍ റിയാൻ പരാഗിന്‍റെ (14 പന്തില്‍ 34) ഇന്നിങ്സാണ് രാജസ്ഥാനെ ചേസില്‍ നിലനിർത്തിയത്._

    _എന്നാല്‍, പരാഗിനു പിന്നാലെ, ധ്രുവ് ജുറല്‍ (2), ആർ. അശ്വിൻ (8), ഷിമ്രോണ്‍ ഹെറ്റ്‌മെയർ (0) എന്നിവർ പെട്ടെന്നു പുറത്തായതോടെ രാജസ്ഥാൻ ആരാധകർ പോലും അവരുടെ പരാജയം ഉറപ്പിച്ചു. പക്ഷേ, ഇതിനകം താളം കണ്ടെത്തിക്കഴിഞ്ഞിരുന്ന ബട്‌ലറുടെ ബാറ്റില്‍ നിന്ന് വമ്പൻ ഷോട്ടുകള്‍ പിറന്നു തുടങ്ങി. മറുവശത്ത് റോവ്മാൻ പവല്‍ (13 പന്തില്‍ 26) പറ്റിയ പങ്കാളിയുമായി._

    _പവല്‍ മടങ്ങിയതിനു പിന്നാലെ ട്രെന്‍റ് ബൗള്‍ട്ട് റണ്ണൗട്ടായെങ്കിലും, അവസാന ഓവറില്‍ 9 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് അതിനകം രാജസ്ഥാൻ അടുത്തിരുന്നു. വരുണ്‍ ചക്രവർത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ബട്‌ലർ സിക്സറിനു പറത്തിയെങ്കിലും, സ്ട്രൈക്ക് നഷ്ടപ്പെടാതിരിക്കാൻ അടുത്ത മൂന്നു പന്തും ഡോട്ട് ബോള്‍ ആക്കേണ്ടി വന്നു. മറുവശത്തുണ്ടായിരുന്ന ആവേശ് ഖാനെ ഒരു പന്ത് പോലും ഫെയ്സ് ചെയ്യിക്കാതെ അഞ്ചാമത്തെ പന്തില്‍ ഡബിളും അവസാന പന്തില്‍ സിംഗിളും ഓടിയെടുത്ത് ബട്‌ലർ അവിശ്വസനീയമായൊരു വിജയം രാജസ്ഥാനു നേടിക്കൊടുക്കുമ്ബോള്‍ എഴുന്നേറ്റു നിന്നു കൈയടിച്ചവരുടെ കൂട്ടത്തില്‍ കെകെആർ ഉടമ ഷാരുഖ് ഖാൻ വരെയുണ്ടായിരുന്നു._

    _പരുക്ക് കാരണം കഴിഞ്ഞ മത്സരം കളിക്കാൻ സാധിക്കാതിരുന്ന ബട്‌ലർ ഈ മത്സരത്തില്‍ ഇംപാക്റ്റ് സബ് ആയി ബാറ്റിങ്ങിനു മാത്രമാണ് ഇറങ്ങിയത്._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728