Header Ads

ad728
  • Breaking News

    കള്ളവണ്ടിക്കാരെ പിടിക്കാന്‍ ആറ് ട്രെയിനുകളില്‍ മിന്നല്‍ പരിശോധന: പിടിയിലായത് 89 പേര്‍



    തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലും കോട്ടയം റെയില്‍വെ സ്റ്റേഷനിലും മിന്നല്‍ പരിശോധന നടത്തി.

    ടിക്കറ്റില്ലാതെ യാത്ര ചെയ്ത 89 പേരാണ് പരിശോധനയില്‍ കുടുങ്ങിയത്. ഇവരുടെ പക്കല്‍ നിന്നും ടിക്കറ്റ് തുകയും പിഴയും ഈടാക്കിയെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

    ആകെ ആറ് ട്രെയിനുകളിലാണ് ഇന്ന് മിന്നല്‍ പരിശോധന നടത്തിയത്. തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയിലായിരുന്നു പരിശോധന. ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള യുടിഎസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണത്തിന്റെ കൂടെ ഭാഗമായാണ് പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ പിടിയിലായവരില്‍ നിന്നായി ആകെ 30,160 രൂപയാണ് പിഴയായി ഈടാക്കിയതെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

    ദക്ഷിണ റെയില്‍വെ തിരുവനന്തപുരം ഡിവിഷന് കീഴിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, തിരുവനന്തപുരം - കോട്ടയം മെമു എക്സ്പ്രസ്, കന്യാകുമാരി - ബെംഗളൂരു ഐലന്റ് എക്സ്പ്രസ്, കന്യാകുമാരി - പുണെ ജങ്ഷൻ ഡെയ്‌ലി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രല്‍ - ന്യൂഡല്‍ഹി കേരള എക്സ്പ്രസ്, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നിവയിലായിരുന്നു പരിശോധന.

    വേനലവധിക്കാലം കഴിഞ്ഞ് സ്കൂളുകളും കോളേജുകളും പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. റെയില്‍വെ വരുമാനത്തെ ബാധിക്കുന്നത് മാത്രമല്ല ടിക്കറ്റില്ലാത്ത യാത്രയെന്നും ഇത് മറ്റ് യാത്രക്കാരെയും ബാധിക്കുന്നതാണെന്നും റെയില്‍വെ അധികൃതര്‍ പറയുന്നു.

          

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728