Header Ads

ad728
  • Breaking News

    ' സ്മാരക ശിലകളുടെ 'സ്മൃതി യുണർത്തി ചെങ്ങളായി ദേശത്തിന്റെ കഥാകാരി



    ജസീറാ മുഹമ്മദിന്റെ 'റൂഹാനി പറഞ്ഞ കഥയിൽ' തന്റേടിയായ അതേ സമയം സ്നേഹമതിയായ സ്ത്രീയുടെ മുഖം അനാവരണം ചെയ്യുന്നു.
    ആരുമില്ലാത്തവർക്ക് പടച്ചോൻ ഉണ്ടെന്ന് പറയുന്നത് പോലെ ഉപ്പ ഉപേക്ഷിച്ച , രോഗിയായ ഉമ്മയെ നോക്കേണ്ട ബാധ്യത ഏറ്റെടുത്ത നഫ് സാന തുന്നിചേർക്കുന്നത് സ്നേഹത്തിന്റെ വസ്ത്രങ്ങളാണ്.

    എല്ലാരെയും സഹായിക്കുന്ന സുബൈത്ത, ഉമ്മയുടെ മരണത്തോടെ നഫ്സാനയുടെ സഹായിയാവുന്നു 
    സുബൈത്തയുടെ മരണത്തോടെ ആ സ്നേഹ ബാധ കൂടുകയും, ഒറ്റപ്പെട്ടെന്നമാനസിക വിഭ്രാന്തിയിൽ നഫ്സാന കഴിയുമ്പോൾ അന്ധവിശ്വാസം നാട്ടുകാരിൽ പടരുന്നു.
    തിൻമകൾക്കെതിരെ ചെറുത്ത് നിൽപ്പിന്റെ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ റൂഹാനി പറഞ്ഞ കഥയിൽ തെളിഞ്ഞ് നിൽക്കുന്നു -
    ഒപ്പം പച്ചയായ ഗ്രാമീണ ജീവിതം 
     തുറന്നു കാട്ടുന്നു 

    പുരുഷ മേധാവിത്വത്തിന്റെ ഊതി വീർപ്പിച്ച അഹന്തകളെ ഈ കഥ വിചാരണ ചെയ്യുന്നുണ്ട്. സ്ത്രീയുടെ സുരക്ഷക്ക് അവൾ തന്നെയാണ് മുന്നിട്ടിറങ്ങേണ്ടത് എന്നും ആരെങ്കിലും രക്ഷിക്കാൻ വരുമെന്ന് കാത്തിരുന്നാൽ രണ്ടാം തരമായി കാലാകാലം കഴിയേണ്ടി വരുമെന്നുമുള്ള സന്ദേശം ഈ കഥയിൽ മുഴങ്ങി നിൽക്കുന്നുണ്ട്

    ഫാന്റസിയും റിയലിസവും ഇഴചേർന്നു നിൽക്കുന്ന മനോഹരമായ ക്രാഫ്റ്റ്. മികച്ച കഥകകളെഴുതി സാഹിത്യ രംഗത്ത് തിളങ്ങി നിൽക്കാൻ ചെങ്ങളായി ദേശത്തിന്റെ കഥാകരിക്ക് കഴിയട്ടെ

    ജസീറാ മുഹമ്മദ്‌ അദ്ധ്യാപികയും 
    , പാചക വിദഗ്ധയുമാണ്.ചെങ്ങളായി ചെമ്മാടത്ത്‌ മുഹമ്മദ്‌ ഹാജിയുടെയും കെ.പി ഖദീജയുടെയും മകളാണ് മോട്ടിവേഷണൽ സ്പീക്കറൂം ഫ്രീലാൻസ് ജേർണലിസ്റ്റുമായ അഹ്‌മദ്‌ പി സിറാജിന്റെ ഭാര്യയാണ്. മക്കൾ ഹവ്വ ജൽവ ഹിന്ദ്, ആദം സഫർജാൻ

     എഴുതിത്തുടങ്ങുന്ന ഈ യുവ കഥാകാരിയെ സാഭിമാനം സഹൃദയർക്ക് പരിചയപ്പെടുത്തുന്നു ആശംസകൾ നേരുന്നു




     *റൂഹാനി* *പറഞ്ഞ* *കഥ* 
              
    ജസീറ മുഹമ്മദ്‌ 

    റൂഹാനി ഇപ്പോഴും അവരെ വിടാതെ പിന്തുടരുന്നുണ്ട്...
    രൂപവും ഭാവവും ഒരു മാറ്റവുമില്ല.
    സുബൈത്തയെ പോലെത്തന്നെ.

    കോട്ടൺ സാരി.. ഫുൾ സ്ലീവ് ബ്ലൗസ്..
    മുടിയിൽ ചുറ്റിയിട്ട തട്ടം ..
    തല ഉയർത്തി നെഞ്ച്‌ വിരിച്ചുള്ള നടത്തം....

    റൂഹാനി പോക്കുവരവ് തുടങ്ങിയിട്ട് കുറച്ചു നാളുകളായി. .

    കൃത്യമായി പറഞ്ഞാൽ അരിമ്പ്രയിലെ പുത്തൻ പുരയിൽ താമസിക്കുന്ന സുബൈത്ത മരിച്ചു
    മൂന്നു മാസം കഴിഞ്ഞപ്പോൾ ....

    തുന്നൽകാരി നഫ്‌സാനയിൽ സുബൈത്ത കൂടിയെന്ന് ചെങ്ങളായി ദേശത്തെ ചിലർ അടക്കം പറയുന്നു....

    ആരും കണ്ണു വെച്ച് പോകുന്ന മൊഞ്ചുള്ള പെണ്ണാണ് നഫ്‌സാന

    വാതരോഗിയായ ഉമ്മയെ ഉപ്പ എന്നോ ഉപേക്ഷിച്ചു പോയതാണ് ...

    മാറി മാറി പെണ്ണ്കെട്ടി നടക്കുന്ന മനുഷ്യ മൃഗമായിരുന്നു അയാൾ .
    ജീവിതം കഴിയാനും ഉമ്മയെ ചികിൽസിക്കാനും
    നഫ്സാന തുന്നൽകാരിയായി....
    ഉമ്മ മരിച്ചപ്പോൾ നഫ്സാന തീർത്തും അനാഥയായി...
    എങ്കിലും തളർന്നില്ല
    കൂട്ടിനു സുബൈത്തയുണ്ടായിരുന്നു സുബൈത്ത തന്ന ധൈര്യം കൊണ്ടാണ്
    പണയം വെച്ചും കടം വാങ്ങിയും കൂടുതൽ തയ്യൽ മെഷീൻ വാങ്ങാനും ജോലിക്കാരെ വെക്കാനും നഫ്‌സാനക്ക് സാധിച്ചത്....

    എപ്പോഴായിരിക്കും സുബൈത്ത ചെങ്ങളായിലേക്ക് വന്നിട്ടുണ്ടാവുക?
    അവരുടെ നാടേതാണ്?
     
    ആർക്കുമറിയില്ല.

     കല്യാണപ്പുരകളിൽ സഹായിച്ചും വീട്ടുകാർക്ക് വേണ്ട സാധനങ്ങൾ എത്തിച്ചും നാട്ടുകാർക്ക് അവർ വേണ്ടപ്പെട്ടവളായി....

    പ്രായത്തിന്റെ അവശതകൾ അവഗണിച്ചു എല്ലാ കാര്യത്തിലും പ്രസരിപ്പോടെ ഇടപെടുന്ന സുബൈത്ത ചെങ്ങളായിക്കാർക്ക് അൽഭുതമായിരുന്നു. കൗതുകമായിരുന്നു.
    പൊതു സ്ഥാപനങ്ങളിൽ നിന്ന് അനുകൂല്യങ്ങൾ ശരിയാക്കി കൊടുക്കും
    അംഗൻവാടി, കൃഷി ഭവൻ, പഞ്ചായത്ത് അപ്പീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇത്രയും സഹായങ്ങളും സേവനങ്ങളും കിട്ടുമെന്ന് പലരും അറിഞ്ഞത് സുബൈത്തയിലൂടെയാണ്

    അറിയിക്കുക മാത്രമല്ല പിറകെ കൂടി അത്‌ ശരിയാക്കി കൊടുക്കും...

    ഔപചാരിക വിദ്യഭ്യാസം ഒട്ടുമില്ലാത്ത അവർ ലോക വിവരങ്ങൾ വിശദമായി വിളമ്പുമ്പോൾ ആരും ഒന്നമ്പരക്കും.

    അടങ്ങി ഒതുങ്ങിയിരിക്കാതെ ആണുങ്ങളെപോലെ കറങ്ങുന്നത് കൊണ്ട് ചില സദാചാര കമ്മിറ്റികൾ അപവാദങ്ങൾ പറഞ്ഞു പരത്താറുണ്ട് ..

    ആണുങ്ങൾ ആവാൻ നോക്കരുതെന്നു ഉപദേശിച്ച പള്ളിക്കണ്ടി അസ്സയിനാർ ഹാജിയെ ആൾക്കൂട്ടത്തിൽ വെച്ച് നാണം കെടുത്തികളഞ്ഞു.

    "അത്‌ നിങ്ങളുടെ കെട്ടിയോളോട് പറഞ്ഞാ മതി..

    രാത്രി ഉള്ള തോന്ന്യാസങ്ങൾ മുഴുവൻ ചെയ്തു പകലിൽ മാന്യൻമാരായി നടക്കുന്നവർ എന്നെ നന്നാക്കാൻ വരേണ്ട "

    പിന്നെ അസ്സയ്നാർ ഹാജി അവരുടെ വഴിക്ക് വരാറില്ല

    കവലയിലും ബസ്റ്റോപ്പിലും പെൺകുട്ടികളെ കമന്റടിക്കുന്ന വായ്നോക്കികൾക്ക് സുബൈത്ത 
    പേടി സ്വപ്നമായിരുന്നു

    പൂവാലൻമാർ വാല് താഴ്ത്തി തിരിച്ചു പോകുന്ന ചിത്രം ഒന്ന് കാണേണ്ടത് തന്നെയാണ്

    "നിങ്ങളെ കൊള്ളാഞ്ഞിട്ടാണ്
    ചെരുപ്പൂരിയടിക്കണം
    മേലാൽ ഈ സൂക്കേട് ഉണ്ടാവില്ല "

    പെൺകുട്ടികൾക്ക് അവർ ആത്മ വിശ്വാസം നൽകും....
    സുബൈത്തയെ 
    പോലെ തന്റേടത്തോടെ ജീവിക്കാൻ പറ്റിയെങ്കിൽ എന്ന് അവിടെയുള്ള ഓരോ പെൺകുട്ടിയും കൊതിച്ചി ട്ടുണ്ടാവണം...

    സുബൈത്തയെ കൂട്ടിനു കിട്ടിയത് നഫ്‌സാനയുടെ ഭാഗ്യമായിരുന്നു

    ആരോ പിഴച്ചു പെറ്റ സുബൈത്ത ചെങ്ങളായിൽ എത്തിയപ്പോൾ അഭയം നൽകിയത് നഫ്‌സാനയുടെ ഉമ്മ ജമീലയായിരുന്നു
    വല്ലപ്പോഴും മൂക്കറ്റം കുടിച്ചു വരുന്ന ഭർത്താവിന്റെ പീഡനങ്ങൾക്കിടയിൽ തളർന്നു പോയ ജമീലക്ക് സുബൈത്ത സാന്ത്വനം പകർന്നു

    ഒരിക്കൽ സ്വന്തം മകളെ കയറിപ്പിടിച്ച അയാളെ സുബൈത്ത കൊടുവാളെടുത്തോ ടിച്ചു...

    ജമീലയുടെ മരണശേഷം നഫ്‌സാനയുടെ ഓരോ നിശ്വാസത്തിനും സുബൈത്ത കൂട്ടിരുന്നു
    ഒരിക്കൽ നഫ്സാനയോട് അവർ പറഞ്ഞു

    "എത്ര കാലം നിന്നോടൊപ്പം ഉണ്ടാവൂന്നറിയില്ല

    എന്റെ മോള് അന്തസായി ജീവിക്കണം
    പെണ്ണ് സ്വന്തം കാലിൽ ജീവിക്കുമ്പോ ഒരുമ്പെട്ടവൾ എന്ന് അപമാനിക്കുന്ന ചില കോന്തൻമാരുണ്ട്
    അവരെടുത്തു തല കുനിക്കരുത്"

    പുറത്തു തലോടിക്കൊണ്ട് പറയുമ്പോൾ സുബൈത്തയുടെ തൊണ്ടയിടറി..

    നഫ്സാനയുടെ കണ്ണുനിറഞ്ഞു
    സുബൈത്തയെ കെട്ടിപ്പിടിച്ചു വിതുമ്പി....

    സുബൈത്തയുടെ വേർപാട് നഫ്സാനക്ക് വലിയ ഷോക്ക് ആയിരുന്നു

    തനിച്ചായിപ്പോയെങ്കിലും തോൽക്കാൻ അവൾക്കു മനസ്സ് വന്നില്ല

    പീഡനങ്ങളുടെ ബലിക്കല്ലിൽ നിരന്തരം വേട്ടയാടപ്പെട്ട ഉമ്മയുടെ ദയനീയ മുഖം ഇടയ്ക്കു നോവായി തെളിഞ്ഞു വരും....

    വിവാഹാഭ്യർത്ഥനയുമായി ചെങ്ങളായിലെ പൗര പ്രമുഖൻ ഇബ്രാഹിം ഹാജിയുടെ മകൻ ഹബീബ് വന്നപ്പോൾ ക്രൂരനായ തന്റെ പിതാവ് മുന്നിൽ നിൽക്കുന്നതായി അവൾക്ക് തോന്നി

    "എനിക്കീ ബന്ധത്തിൽ താല്പര്യമില്ല ദയവു ചെയ്തു വെറുതെ വിടണം " നഫ്സാന ഒഴിഞ്ഞു മാറി

    പല തവണ വീട്ടിൽ വന്നവൻ കെഞ്ചി നോക്കി
    "നിന്നെ അത്രക്ക് ഇഷ്ടമായത് കൊണ്ടല്ലേ എനിക്ക് മറ്റൊരു വിവാഹം വേണ്ട "

    "ഇതൊക്കെ ഒരാവേശത്തിൽ തോന്നുന്നതാണ്. കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകും ..

    നിങ്ങൾക്ക് ആളു മാറിപ്പോയി "

    നഫ്സാനയുടെ നിസ്സഹകരണത്തിൽ നിരാശനായി തിരിച്ചു പോയെങ്കിലും
    ഒരിക്കൽ രണ്ടും കൽപിച്ചു ഹബീബ് വന്നു.
    ചൂലെടുത്തവൾ പുറത്തു പോകാൻ പറഞ്ഞു

    കയറിപ്പിടിച്ചപ്പോൾ
    കുതറി മാറി
    അവന്റെ നാഭിയിൽ ആഞ്ഞു ചവിട്ടി..
    ഒരു നിമിഷം പകച്ചു പോയ ഹബീബ്
    വീണ്ടും ചീറിയടുത്തു
    പെട്ടെന്ന് സുബൈത്തയെ പോലെയവൾ രൗദ്ര ഭാവം പൂണ്ടു. അവന്റെ കഴുത്തു പിടിച്ചു കടിച്ചു.. 
    വേദന കൊണ്ടവൻ പുളഞ്ഞു.. തള്ളി മാറ്റി പരിഭ്രാന്തിയോടെ പിന്തിരിഞ്ഞോടി....

    റൂഹാനി പിന്നെയും അവരെ പിൻതുടർന്നു കൊണ്ടേയിരുന്നു 
    അവരുടെ ഉറക്കം നഷ്ടപ്പെട്ടു...

    ചിലപ്പോൾ മുക്കാടത്തെ ബസ്‌റ്റോപ്പിൽ പൂവാലന്മാർക്ക് നേരെ ചെരുപ്പൂരിയടിച്ച്..

    ചിലപ്പോൾ അടുക്കളയിൽ നിന്ന് കൊടുവാളെടുത്തിറങ്ങി....
    മറ്റ് ചിലപ്പോൾ കുറ്റി ച്ചൂലെടുത്തു കറങ്ങി... റൂഹാനി ചെങ്ങളായിലെ പോക്കു വരവുകളിൽ അഭിരമിച്ചു 

    പിന്നീടെപ്പോഴോ 
    തീപിടിച്ചോടുന്ന രോഷത്തിന്റെ ഒരു കഥ മാത്രമായി അവർ മാറി. വെറുമൊരു കഥ മാത്രമായി ......


    📝 ബഷീർ പെരുവളത്ത് പറമ്പ് 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728