Header Ads

ad728
  • Breaking News

    വാഹനങ്ങളിലെ തീപ്പിടിത്തം തടയണം..! സാങ്കേതികവിദ്യ പഠിച്ച് പരിഹാരം കാണാന്‍ എം.വി.ഡി

    ──────────────────
     27.02.2023 തിങ്കൾ
    ──────────────────

    സംസ്ഥാനത്ത് വാഹനങ്ങളിലെ തീപ്പിടിത്തം തടയാന്‍ സമഗ്ര പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വൈദ്യുത വാഹനങ്ങളുടെ സാങ്കേതികതയെപ്പറ്റി ഉദ്യോഗസ്ഥര്‍ക്കെല്ലാം പരിശീലനം നല്‍കാനും നടപടി തുടങ്ങി. ചെന്നൈ ഐ ഐ ടി, എന്‍ജിനിയറിങ് കോളേജുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പരിശീലനം നല്‍കുക. വൈദ്യുത വാഹനങ്ങളുടെ സാങ്കേതിക വിദ്യയെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് വകുപ്പ് അടിയന്തര പ്രാധാന്യം നല്‍കുന്നത്.

    ഇത്തരം വാഹനങ്ങളില്‍ തീപിടിക്കാനുള്ള സാധ്യത കുറച്ച് കൊണ്ടുവരാന്‍ ശ്രീചിത്ര എന്‍ജിനിയറിങ് കോളേജ്, ഗവ. എന്‍ജിനിയറിങ് കോളേജുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നുണ്ട്. ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, സ്റ്റൗവ്, തീപ്പെട്ടി, ലൈറ്റര്‍ എന്നിവയുടെ അശാസ്ത്രീയ ഉപയോഗം, കൂട്ടയിടി, ടയര്‍ പൊട്ടിയുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവ മറ്റു വാഹനങ്ങളില്‍ തീപ്പിടിത്തത്തിന് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

    വേനല്‍ക്കാലത്ത് ഇത്തരം അപകടങ്ങള്‍ കൂടാൻ ഇടയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിനെല്ലാം പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി ബോധവത്കരണം നടത്തുന്നുണ്ട്. സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളും വകുപ്പ് തുടങ്ങിയിട്ടുണ്ട്. ആദ്യപടിയായി ഇതുവരെ നടന്ന തീപ്പിടിത്തങ്ങളെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ സര്‍വേയിലൂടെ ശേഖരിക്കും. തീപിടിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കും വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഉണ്ടായ അനുഭവങ്ങള്‍ ഗൂഗിള്‍ ഫോമിലൂടെയുള്ള സര്‍വേയിലൂടെ സമാഹരിക്കും. 23 ലളിതമായ ചോദ്യങ്ങളാണ് ഇതിനായി നല്‍കിയിട്ടുള്ളത്. ഈ വിവരങ്ങള്‍ പഠിച്ചും കൂടുതല്‍ പരിഹാര നടപടികള്‍ക്ക് രൂപം നല്‍കും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728