Header Ads

ad728
  • Breaking News

    കലാ,സാംസ്കാരിക, വിനോദ,വിജ്ഞാന വിരുന്നുകളുമായി തളിപ്പറമ്പ ഫെസ്റ്റിന് ശനിയാഴ്ച തുടക്കം


    സംഘകാല കൃതികളില്‍ പോലും പരാമര്‍ശമുള്ള പെരിഞ്ചെല്ലൂരെന്ന തളിപ്പറമ്പിന് ആഘോഷരാവുകൾ സമ്മാനിച്ച് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കാഴ്ചകളും വിരുന്നുകളുമായി പോലീസ് സ്റ്റേഷന് മുൻവശമുള്ള ഉണ്ടപ്പറമ്പ് മൈതാനിയിൽ തളിപ്പറമ്പ ഫെസ്റ്റിന് ശനിയാഴ്ച തിരശ്ശീല ഉയരും.ഉണ്ടപ്പറമ്പ് മൈതാനിയിലെ അഞ്ച് ഏക്കറിൽ ഒരുക്കുന്ന തളിപ്പറമ്പ ഫെസ്റ്റിൽ ബാഹുബലി,കെ.ജി.എഫ് സിനിമകളുടെ സെറ്റുകൾ ഒരുക്കിയ കലാകാരൻമാർ തയ്യാറാക്കുന്ന ന്യൂയോർക്ക് പട്ടണത്തിന്റെ നേർക്കാഴ്ച മുതൽ ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്,20 ഇനം റൈഡുകൾ,60 സ്റ്റാളുകൾ,നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രവർത്തിക്കുന്ന മാതൃക,റോബോട്ടിക് ഷോ, ഫാമിലി ഗെയിംസ് എന്നിവ കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.
    ഡൽഹിയിലെ ഇന്ത്യ ഗേറ്റിന്റെ മാതൃകയിൽ തീർത്ത പ്രവേശനകവാടം മുതൽ അവസാന കാഴ്ച വരെ ഒരുക്കിയിട്ടുള്ള ഫെസ്റ്റ് ശനിയാഴ്ച വൈകുന്നേരം 07 മണിക്ക് തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
    വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.ഫെസ്റ്റ് നഗരിയിലെ വിവിധ സെക്ഷന്റെ ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10 മണിക്ക് നടക്കും.സാധാരണ ദിവസങ്ങളിൽ വൈകുന്നേരം മൂന്നുമണി മുതൽ 9:30 വരെയും ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിൽ 11 മുതൽ 9:30 വരെയുമാണ് ഫെസ്റ്റ് നഗരിയിലേക്കുള്ള പ്രവേശനം.
    കൺകുളിർക്കെ കാഴ്ചകൾക്കൊപ്പം ഫെബ്രുവരി 11 മുതൽ മാർച്ച് 06 വരെ എല്ലാ ദിവസവും വൈകുന്നേരം 07 മണി മുതൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.ഫെബ്രുവരി 11 ന് പട്ടുറുമാൽ,മൈലാഞ്ചി ജഡ്ജും പ്രശസ്ത ഗായികയുമായ സജില സലീം നയിക്കുന്ന ഇശൽ രാവ്,12 ന് സീ കേരളം ഡ്രാമ ജൂനിയർ ഫെയിം റാനിയ & ടീം അണിയിച്ചൊരുക്കുന്ന സിൽസില,13 ന് പട്ടുറുമാൽ ഫെയിം മുബീന സിദ്ധീഖ് വയനാട് നയിക്കുന്ന മർഹബ നൈറ്റ്,14 ന് ദൈവത്തിന്റെ മാലാഖമാരായ ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ കലോത്സവം 'വർണ്ണ ചിറകുകൾ',15 ന് പ്രണയ മനസ്സുകളുടെ ഇഷ്ട്ട ഗായകൻ സലീം കോടത്തൂർ നയിക്കുന്ന മുഹബ്ബത്ത് നൈറ്റ്,26 ന് എണ്ണയഴകിൽ നെഞ്ചു വിരിച്ച് മെഡൽ നേടാൻ അവസരവുമായി ജില്ലാ ശരീര സൗന്ദര്യ മത്സരം,മറ്റു ദിവസങ്ങളിൽ നാടൻ പാട്ട്, ഡാൻസ് ഷോ,മാജിക്‌ ഷോ, ഓൾഡ് സോങ്‌സ് ഗാനമേള,ഗസൽ,ഖവാലി തുടങ്ങിയവ നടക്കും.
    പത്ര സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ശഫീഖ് അത്താഴക്കൂട്ടം,ഹാഷിർ അബ്ദുള്ള ബിസിനസ് കേരള,അബു നിദാൽ വിവിഡ് എന്റർടൈൻമെന്റ്,ഹബീബ് എബിസിഡി ഇവന്റ് എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728