Header Ads

ad728
  • Breaking News

    ഇന്ന് പത്താമുദയം; കാവുകളിൽ ചിലമ്പൊലി ഉയരുകയായി

    ──────────────────
     27/10/2022 വ്യാഴം
    ──────────────────

    സർവശോഭയോടെ കിഴക്കുദിച്ചുയരുന്ന സൂര്യദേവനെ വാൽക്കിണ്ടിയിൽ നിന്ന് വെള്ളവും ഉണക്കലരിയും പൂവും വാരിയെറിഞ്ഞ് പൂജാമുറിയിലേക്ക് ആവാഹിക്കുന്ന പത്താമുദയം വ്യഴാഴ്ച. ഹൈന്ദവ ഗൃഹങ്ങളും തറവാട് ക്ഷേത്രങ്ങളും തുലാമാസത്തെ പത്താമുദയത്തെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു.

    കഴിഞ്ഞ രണ്ടു വർഷത്തിൽ നിന്ന് വ്യത്യസ്തമായി വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ. സൂര്യോദയത്തിന് മുൻപു തന്നെ തറവാട്ടംഗങ്ങളെല്ലാം അഞ്ചുതിരിയിട്ട വിളക്കുമായി സൂര്യദേവനെ കാത്തു നിൽക്കും. തറവാട് ക്ഷേത്രങ്ങളിൽ കുടുബാംഗങ്ങളെല്ലാം ഒത്തു ചേരുന്ന ദിവസമാണ് പത്താമുദയം. ഈശ്വരാരാധനയുമായും കാർഷിക സംസ്കൃതിയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറെ ആചാരങ്ങളും ചടങ്ങുകളും പത്താമുദയത്തിനു പിന്നിലുണ്ട്.

    ഇടവപ്പാതിയോടെ സത്യപ്രമാണങ്ങൾ ചൊല്ലിയടച്ച കാവുകളിലെല്ലാം പത്താമുദയ ദിവസം നടതുറന്ന് വിളക്ക് തെളിച്ച് അടിയന്തിരം നടക്കും. വടക്കേ മലബാറിലെ തെയ്യാട്ടക്കാവുകളിൽ ചിലമ്പൊലി ഉയരുന്ന ദിവസം കൂടിയാണ് പത്താമുദയം. ഇനി ആറുമാസം തെയ്യക്കാലമാണ്. കോവിഡ് നിയന്ത്രണങ്ങൾ മൂലം മാറ്റിവെച്ച പെരുങ്കളിയാട്ടങ്ങളും ഇത്തവണത്തെ നടക്കുന്നുണ്ട്.

    കാർഷിക സംസ്കൃതിയുമായി ഏറെ ബന്ധമുള്ള ദിവസം കൂടിയാണ് പത്താമുദയം. കന്നിക്കൊയ്ത്ത് കഴിഞ്ഞ് രണ്ടാം വിള കൃഷിയിറക്കുന്നതും പത്താമുദയ ദിവസമാണ്. കർഷക ഗൃഹങ്ങളിൽ പത്താമുദയ ദിവസം കാലിത്തൊഴുത്തിന്റെ കന്നിമൂല വൃത്തിയാക്കി കാലിച്ചേകോനായ അമ്പാടി കണ്ണനെ പ്രീതിപ്പെടുത്താനായി കാലിച്ചാനൂട്ട് എന്ന നിവേദ്യം സമർപ്പിക്കും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728