Header Ads

ad728
  • Breaking News

    ദ്രൗപതി മുർമു രാജ്യത്തിന്റെ 15ാ-മത് രാഷ്ട്രപതി; ​ഗോത്ര വിഭാ​ഗത്തിൽ നിന്നുളള ആദ്യ വനിത

    21/07/2022

    ◼️ന്യൂഡൽഹി: രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ​ഗോത്ര വിഭാ​ഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്ന ആദ്യ വനിതയാണ് ദ്രൗപതി മുർമു. 776 പാർലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉൾപ്പെടുന്ന 4809 പേരാണ് വോട്ടുചെയ്തത്. നാൽപ്പത്തിയൊന്ന് പാർട്ടികളുടെ പിന്തുണ ദ്രൗപതി മുർമുവിനുണ്ടായിരുന്നു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ തോൽപ്പിച്ചാണ് ദ്രൗപതി മുർമ്മു രാഷ്ട്രപതി പദത്തിലേക്കെത്തിയത്.

    540 എംപിമാരുടെ പിന്തുണ ലഭിച്ചെന്നാണ് റിപ്പോർട്ട്. 3,78,000 ആണ് മുര്‍മുവിന് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ മൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 208 പാര്‍ലമെന്റംഗങ്ങളുടെ പിന്തുണയാണുള്ളത്. 1,45,600 ആണ് സിന്‍ഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം എൻ ഡി എ ക്യാംമ്പിന് വലിയ നേട്ടമായി. അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദിക്ക് ലഭിക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. പ്രതിപക്ഷ പാർട്ടികളായ ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ ദ്രൗപതി മുർമുവിന് പിന്തുണ അറിയിച്ചതും നേട്ടമായി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, വൈഎസ്ആർ കോൺ​ഗ്രസ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുടെ പിന്തുണയും ദ്രൗപതി മുർമുവിനായിരുന്നു.

    ഗോത്ര വിഭാഗത്തിൽ നിന്ന് ഗവർണർ സ്ഥാനം വഹിച്ച ആദ്യ വനിതയെന്ന നേട്ടവും ദ്രൗപതി മുർമുവിനുണ്ട്. 1958 ജൂൺ 20 നാണ് ദ്രൗപതി മുർമു ജനിച്ചത്. 1997 ലാണ് ഇവർ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ആ വർഷം റായ് രംഗപൂരിലെ ജില്ലാ ബോർഡിലെ കൗൺസിലറായി ദ്രൗപതി തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിൽ നിന്നും രണ്ട് തവണ ഇവർ എംഎൽഎയായിരുന്നു. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു.

    2000 മുതൽ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. അദ്ധ്യാപികയായിരുന്ന ദ്രൗപതി മുര്‍മു ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജിൽ നിന്നാണ് ബിരുദം നേടുന്നത്. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. 2015 മെയ് 18 മുതൽ ഝാർഖണ്ഡിലെ ഗവർണ്ണറായി. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയായ ഇവർ ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ പ്രഥമ വനിതാ ഗവർണ്ണറും കൂടിയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728