Header Ads

ad728
  • Breaking News

    കൊട്ടിയൂരിൽ തിരുവോണം ആരാധന, ഇളനീർവെപ്പ് ഇന്ന് . അഷ്ടമി ആരാധന, ഇളനീരാട്ടം നാളെ

    21/05/2022

    വൈശാഖ മഹോത്സ വത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ് ഇന്ന് രാത്രി നടത്തും. നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധനയും ഇന്ന് നടക്കും.

    കോട്ടയം കോവിലകത്തുനിന്നും എത്തിച്ച അഭിഷേക സാധനങ്ങളും വേക്കളം കരോത്ത് നായർ തറവാട്ടിൽ നിന്ന് എഴുന്നള്ളിക്കുന്ന പഞ്ചഗവ്യവും ബാവലിപ്പുഴക്കരയിൽ തേടൻ വാരിയർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിക്കും.
    ഉഷപൂജയ്ക്കു ശേഷമാണ് ആരാധനാ പൂജ. തുടർന്ന് നിവേദ്യപൂജ കഴിഞ്ഞ് ശീവേലി എഴുന്നള്ളത്ത്.തിരുവോണം ആരാധന മുതലാണ് ശീവേലിക്ക് വിശേഷ വാദ്യങ്ങൾ ആരംഭിക്കുന്നത്. 

    സ്വർണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കുന്ന പൊന്നിൽ ശീവേലിയാണ് ഇന്ന് നടക്കുക.മത്തവിലാസം കൂത്ത് പൂർണ രൂപത്തിൽ ആരംഭിക്കുന്നതും തിരുവോണം നാളിലാണ്.മണിത്തറയ്ക്കു മുകളിൽ കെട്ടിയുണ്ടാക്കുന്ന ശ്രീകോവിലിന്റെ നിർമ്മാണം ഇന്ന് ഉച്ചയ്ക്ക് മുമ്പ് പൂർത്തിയാകും.

    ഇന്ന് രാത്രി ഇളനീർ വെപ്പ് നടത്തും.ഭഗവാന് അഭിഷേകം ചെയ്യാനുള്ള ഇളനീരുമായി വ്രതംനോറ്റ ആയിരക്കണക്കിന് ഭക്തന്മാർ വിവിധ പ്രദേശങ്ങളിലെ കഞ്ഞിപ്പുരകളിൽ നിന്ന് കാൽനടയായാണ് കൊട്ടിയൂരിലെത്തുക.കൂത്തുപറമ്പിനടുത്തുള്ള വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടിതണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി കൊട്ടിയൂരിലെത്തും. 

    തിരുവഞ്ചിറയിലെ കിഴക്കേ നടയിലാണ് ഇളനീർ വെക്കുന്നത്.ഇളനീർ വ്രതക്കാർ സന്ധ്യയോടെ മന്ദംചേരിയിലെ ബാവലിക്കരയിൽ എത്തി ഇളനീർ വെപ്പിനുള്ള മുഹൂർത്തം കാത്തിരിക്കും. ക്ഷേത്രത്തിലെ രാത്രി പൂജാകർമ്മങ്ങൾ കഴിഞ്ഞാൽ രാശി വിളിക്കും.ഇതോടെ ഭക്തർ ഇളനീർക്കാവോടുകൂടി ബാവലിപ്പുഴയിൽ മുങ്ങി അക്കരെ കൊട്ടിയൂരിലേക്ക് കുതിക്കും. ചക്കരക്കൽ വാർത്ത. തിരുവഞ്ചിറയുടെ കിഴക്കേ നടയിൽ വിരിച്ച തട്ടും പോളയിലുമാണ് ഇളനീർക്കാവുകൾ സമർപ്പിക്കുക. തുടർന്ന് വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി മടങ്ങും.
    കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജന്മാവകാശികളായ തണ്ടയാന്മാരാണ് ഇളനീർ വെക്കുക. രാത്രി മുഴുവൻ തുടരുന്ന ഇളനീർ സമർപ്പണം അഷ്ടമി നാളിൽ കാലത്ത് എണ്ണയും ഇളനീരും സമർപ്പിക്കുന്നതോടെ സമാപിക്കും.

    നാളെ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും ഇളനീരാട്ടവും നടക്കും. മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്ന ഇന്നലെ അക്കരെ കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728