Header Ads

ad728
  • Breaking News

    വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്


    __________24_05_2022________

    കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ(24) ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്.. ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി സമൂഹത്തിന് പാഠമാകണമെന്ന് ശിക്ഷ സംബന്ധിച്ച വാദത്തിനിടെ പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യ കൊലപാതകമായി കണക്കാക്കാം. പ്രതിയോട് അനുകമ്പ പാടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് സര്‍വീസ് ചട്ടമുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

    എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്നും താന്‍ നിരപരാധിയെന്നും കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. വിസ്മയയുടേത് ആത്മഹത്യയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. അച്ഛനും അമ്മയും രോഗികളാണ്. തനിക്കാണ് കുടുംബത്തിന്റെ ചുമതലയെന്നും കിരണ്‍ പറഞ്ഞു. അതേസമയം ജീവപര്യന്തം തടവുശിക്ഷ പാടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

    ആത്മഹത്യ പ്രേരണയ്ക്ക് ലോകത്ത് എവിടെയും ജീവപര്യന്തമില്ല. കൊലപാതകത്തിന് സമാനമല്ല ആത്മഹത്യയെന്നും പറഞ്ഞു. ചില കൊലകേസുകളില്‍ സുപ്രീംകോടതി ജീവപര്യന്തം ഒഴിവാക്കിയിട്ടുണ്ട്. പ്രതി ജീവപര്യന്തത്തിനുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദമുന്നയിച്ചു. കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് ജഡ്ജി കെ എന്‍ സുജിത്ത് ഇന്നലെ കണ്ടെത്തിയിരുന്നു.

    ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചത്. കേസില്‍ കുറ്റം ചുമത്തപ്പെട്ടതോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. 2020 മെയ് 30ന് ആയിരുന്നു വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം. കഴിഞ്ഞവര്‍ഷം ജൂണ് 21-നാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728