Header Ads

ad728
  • Breaking News

    വിഷുവിന് കണിവെക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

    14-04-2022 വ്യാഴം ───────────

    നാളെ വിഷുവാണ്. വിഷുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ്‌ വിഷുക്കണി ഒരുക്കുന്നതും അത്‌ കുടുംബാംഗങ്ങളെ കാണിക്കുന്നതും. വിഷുക്കണി ഒരുക്കാനുള്ള ദ്രവ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    1. നിലവിളക്ക്
    2. ഓട്ടുരുളി
    3. ഉണക്കലരി
    4. നെല്ല്
    5. നാളികേരം
    6. സ്വര്‍ണ്ണ നിറമുള്ള കണിവെള്ളരി
    7. ചക്ക
    8. മാങ്ങ
    9. കദളിപ്പഴം
    10. വാല്‍ക്കണ്ണാടി (ആറന്മുള ലോഹകണ്ണാടി)
    11. കൃഷ്ണ വിഗ്രഹം
    12. കണിക്കൊന്ന പൂവ്
    13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല)
    14. തിരി
    15. കോടിമുണ്ട്
    16. ഗ്രന്ഥം
    17. നാണയങ്ങള്‍
    18. സ്വര്‍ണ്ണം
    19. കുങ്കുമം
    20. കണ്മഷി
    21. വെറ്റില
    22. അടക്ക
    23. ഓട്ടുകിണ്ടി
    24. വെള്ളം

    വിഷുക്കണി എങ്ങനെ ഒരുക്കാമെന്ന് നോക്കാം, കൊന്നപ്പൂ കൃഷ്ണന്റെ കിരീടമാണെന്നാണ് സങ്കല്‍പ്പം. കണി വെള്ളരി കൃഷ്ണന്റെ മുഖമാണെന്നും വിളക്കുകള്‍ കണ്ണുകളാണെന്നും വിശ്വാസം. ഇതെല്ലാം ചേര്‍ത്തുവച്ചാണ് വിഷുക്കണി ഒരുക്കേണ്ടത്. കണി ഒരുക്കുന്നതിന് കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികള്‍ ഉണ്ടാകാം.

    ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാന്‍ സത്വ ഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ച്‌ വൃത്തിയാക്കിയ നിലവിളക്കാണ് ഉപയോഗിക്കേണ്ടത്. ഓട്ടുരുളിയില്‍ കണിയൊരുക്കണം. ഉണക്കലരിയും നെല്ലും ചേര്‍ത്ത് ഉരുളി പകുതിയോളം നിറയ്‌ക്കുക. ഇതില്‍ നാളികേര മുറി വയ്ക്കണം. നാളികേര മുറിയില്‍ എണ്ണ നിറച്ച്‌ തിരിയിട്ട് കത്തിക്കുന്ന പതിവ്‌ ചിലയിടങ്ങളില്‍ ഉണ്ട്. ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണു ആണെന്നുമാണ് സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്റെ കിരീടമാണ്.

    സ്വര്‍ണ വര്‍ണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്‌ട ഭക്ഷണമാണെന്ന് വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാല്‍ വാല്‍ക്കണ്ണാടി വയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാല്‍ക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാന്‍ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കല്‍പമുണ്ട്.

    കൃഷ്‌ണ വിഗ്രഹവും കണിക്കൊന്ന പൂക്കളും ഇതിനടുത്തുവയ്‌ക്കാം. എന്നാല്‍ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തില്‍ പതിക്കരുത്. തൊട്ടടുത്ത് താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകള്‍ വെറ്റിലയ്‌ക്കും പാക്കിനുമൊപ്പം വേണം വയ്‌ക്കാന്‍. ലക്ഷ്‌മിയുടെ പ്രതീകമാണ് സ്വര്‍ണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

    പച്ചക്കറി വിത്തുകള്‍ വയ്‌ക്കുന്നതും നല്ലതാണ്. കണി കണ്ടശേഷം ഈ വിത്തുകള്‍ വിതയ്‌ക്കുന്ന പതിവ്‌ ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയില്‍ വെള്ളം നിറച്ചു വയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണില്‍ തൊട്ടശേഷമാവണം കണികാണേണ്ടത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728