Header Ads

ad728
  • Breaking News

    മഞ്ജു വാര്യരുടെ മൊഴിയെടുത്ത് അന്വേഷണസംഘം; ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകള്‍ തിരിച്ചറിഞ്ഞു

    10/04/2022

    നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടൊപ്പം മറ്റുചില കാര്യങ്ങളും അന്വേഷണസംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ വിശദമായ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെ ഹോട്ടലില്‍വച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്യാനിരിക്കെയാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

    കഴിഞ്ഞദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട ഏറെ നിര്‍ണായകമായ ചില ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണമായിരുന്നു ഇതില്‍ ഏറെ ഗൗരവമേറിയത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കങ്ങളാണ് സംഭവങ്ങള്‍ക്കെല്ലാം കാരണമായതെന്നായിരുന്നു ഈ സംഭാഷണത്തിലുണ്ടായിരുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നു, കൂട്ടുകാര്‍ക്ക് തിരിച്ച് പണി കൊടുക്കാന്‍ കാവ്യയും ശ്രമിച്ചു. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണമെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. നേരത്തെ സംഭവത്തിന് പിന്നില്‍ മാഡം ഉണ്ടെന്ന് വെളിപ്പെടുത്തുന്ന പള്‍സര്‍ സുനിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728