Header Ads

ad728
  • Breaking News

    തുറന്ന ബസിൽ കാഴ്ചകൾ കാണാം; 'ആനവണ്ടി'യുടെ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസിന്റെ കന്നിയാത്രയ്ക്ക് തുടക്കം

    19/04/2022

    തിരുവനന്തപുരം: നഗരം ചുറ്റിക്കാണാനെത്തുന്നവര്‍ക്ക് യാത്രയുടെ നവ്യാനുഭവം തീര്‍ക്കാന്‍ ഡബിള്‍ ഡെക്കര്‍ സിറ്റിറൈഡ് ഓപ്പണ്‍ ഡെക്ക് ബസുമായി KSRTC. വിദേശ രാജ്യങ്ങളിലും വലിയ നഗരങ്ങളിലുമുള്‍പ്പടെയുള്ള ഓപ്പണ്‍ ഡെക്ക് സര്‍വീസാണ് അനന്തപുരിയിലേക്കെത്തുന്നത്.


    നഗരത്തിലെ സായാഹ്ന, രാത്രി കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി മികച്ച ഇരിപ്പിടത്തോടു കൂടിയുള്ള സൗകര്യങ്ങളും ബസ്സിലൊരുക്കിയിട്ടുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും പി.എ.മുഹമ്മദ് റിയാസും ചേര്‍ന്ന് ആദ്യ യാത്രയുടെ ഫ്ലാഗ്‌ഓഫ് നിര്‍വഹിച്ചു.

    യൂറോപ്യന്‍ നഗരങ്ങളിലുള്‍പ്പടെ കണ്ടിട്ടുള്ള ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ബസ് ഇനി മുതല്‍ തലസ്ഥാനത്തും കാണാനാകും. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള സര്‍വീസ് ആരംഭിക്കുന്നത്. തലസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളിലൂടെയാണ് സര്‍വീസ് കടന്നു പോകുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്ബലം, കോവളം, ആക്കുളം ലുലുമാള്‍ എന്നിവിടങ്ങളിലേക്കാണ് ഡബിള്‍ ഡെക്കര്‍ ആനവണ്ടി ചീറിപ്പാഞ്ഞെത്തുക.

    കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂര്‍സാണ് പുത്തന്‍ സംവിധാനത്തിലുള്ള ആനവണ്ടി സര്‍വീസ് ഒരുക്കിയിരിക്കുന്നത്. കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗതമന്ത്രി ആന്‍റണി രാജു അധ്യക്ഷനായി. കെഎസ്‌ആര്‍ടിസി സി എം ഡി ബിജുപ്രഭാകര്‍, കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    വൈകിട്ട് 5 മുതല്‍ രാത്രി 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നീണ്ടു നില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് ഓപ്പണ്‍ ഡെക്ക് സര്‍വീസ് നടത്തുക. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് പലഹാരവും ശീതളപാനീയങ്ങളും ലഭ്യമാക്കും. ഡേ & നൈറ്റ് റൈഡിന്റെ ടിക്കറ്റ് ഒരുമിച്ചെടുക്കുന്നവര്‍ക്കായി ഒരു ദിവസം 350 രൂപയുടെ ടിക്കറ്റാകും ലഭ്യമാക്കുക.

    നഗരത്തിന്റെ പ്രകൃതിസൗന്ദര്യം വാനോളം ആസ്വദിച്ച്‌ ബസില്‍ ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറിലൂടെ ഉച്ചത്തില്‍ പാട്ടുകേട്ട് കഥകള്‍ പറഞ്ഞ് ലഘുഭക്ഷണം കഴിച്ച്‌ യാത്രകള്‍ ആസ്വദിക്കാം. യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്കായി തീര്‍ത്തും നവ്യാനുഭവമാണ് കെഎസ്‌ആര്‍ടിസി ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728