Header Ads

ad728
  • Breaking News

    പാർടി കോൺഗ്രസ്‌ വെബ്‌സൈറ്റ്‌ പ്രകാശനം ചെയ്‌തു


     
    23-03-2022

    കണ്ണൂർ : 23ാം പാർടി കോൺഗ്രസ്‌ സെമിനാറുകളിൽ നിന്നും  വിട്ടുനിൽക്കുന്നത്‌ ബിജെപിക്കെതിരായ ഒരു നീക്കത്തിലും പങ്കെടുക്കരുതെന്ന  കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാടിന്റെ ഭാഗമാണെന്ന്‌ സിപിഐ എം  പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌  രാമചന്ദ്രൻ പിള്ള പറഞ്ഞു. പാർടി കോൺഗ്രസ്‌ വെബ്‌സൈറ്റ്‌ പ്രകാശനം ചെയ്‌ത ശേഷം സംഘാടക സമിതി ഓഫീസിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു എസ്‌ആർപി.

    ബിജെപി ഭരണത്തെ വർഗീയ–- കോർപറേറ്റ്‌ കൂട്ടുകെട്ടിന്റെ അമിതാധികാരഭരണമായാണ്‌ സിപിഐ എം കണക്കാക്കുന്നത്‌.  അതേസമയം, കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടുകളിൽ ഒരു മാറ്റവുമില്ല. ബിജെപി ഹിന്ദുരാഷ്‌ട്രത്തിന്‌ വേണ്ടി നിലകൊള്ളുമ്പോൾ കോൺഗ്രസ്‌ ഹിന്ദുരാജ്യത്തെ കുറിച്ച്‌ പറയുന്നു. നവഉദാരവൽക്കണത്തിന്‌ തുടക്കം കുറിച്ചത്‌ കോൺഗ്രസ്‌ ആണ്‌. അത്‌ തീവ്രമായി നടപ്പാക്കുകയാണ്‌ ബിജെപി. അമിതാധികാര പ്രവണത ആദ്യം പ്രയോഗിച്ചത്‌ കോൺഗ്രസ്‌ ആണ്‌. അതുകൊണ്ട്‌ തന്നെ ബിജെപിയുടെ അമിതാധികാര പ്രവണതയെ അവർക്ക്‌ എതിർക്കാനാകുന്നില്ല. അമേരിക്കൻ പ്രീണനത്തിനും തുടക്കം കുറിച്ചത്‌ കോൺഗ്രസ്‌ ആണ്‌. ബിജെപി അതും കൂടുതൽ തീവ്രമായി നടപ്പാക്കുന്നു. ആ നിലയിൽ ബിജെപി തുടരുന്ന രാജ്യദ്രോഹ–-ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കാൻ കോൺഗ്രസിനാകില്ല.

    ബിജെപിക്ക്‌ ബദലാകാൻ കഴിയാത്ത വിധം കോൺഗ്രസ്‌ അമ്പെ തകർന്നിരിക്കുന്നു. അവരുടെ നയസമീപനങ്ങളെ എതിർക്കാനും കഴിയില്ല. അതുകൊണ്ടാണ്‌ കോൺഗ്രസ്‌ നേതാക്കൾ മൊത്തമായും ചില്ലറയായും ബിജെപിയിലേക്ക്‌ ചേക്കേറുന്നത്‌. ബിജെപിക്കെതിരായ പോരാട്ടത്തിൽ ആരൊക്കെ ഉണ്ടോ അവരെയൊക്കെ കൂട്ടിയോജിപ്പിച്ച്‌ പ്രക്ഷോഭം സംഘടിപ്പിക്കുകയെന്ന കടമയാണ്‌ 23ാം പാർടി കോൺഗ്രസ്‌ ഏറ്റെടുക്കാൻ പോകുന്നത്‌. അതിന്റെ മുന്നോടിയായി പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്‌. കേരളത്തിൽ പാർടിയുടെ ബഹുജന സ്വാധീനം വർധിച്ചിട്ടുണ്ട്‌. എന്നാൽ മറ്റ്‌ സംസ്ഥാനങ്ങളിൽ സ്ഥിതി അതല്ല. ബംഗാളിലും ത്രിപുരയിലും തിരിച്ചടി നേരിട്ടു. മറ്റ്‌ സംസ്ഥാനങ്ങളിലും ദൗർബല്യങ്ങളുണ്ട്‌. ഇവ പരിഹരിച്ച്‌ ശക്തമായ തിരിച്ചുവരവിനാവശ്യമായ നടപടികൾ ചർച്ച ചെയ്ത്‌ രാഷ്‌ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങളെടുക്കുമെന്നും എസ്‌ആർപി പറഞ്ഞു.

    വെബ്‌സൈറ്റ്‌ പ്രകാശന ചടങ്ങിൽ കെ വി സുമേഷ്‌ എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പാർടി കോൺഗ്രസ്‌ സോഷ്യൽ മീഡിയ കമ്മിറ്റി ചെയർപെഴ്‌സൺ എൻ സുകന്യ, കൺവീനർ പി സന്തോഷ്‌ എന്നിവർ പങ്കെടുത്തു. 




    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728