Header Ads

ad728
  • Breaking News

    'സുധാകരനുമായി നല്ല ബന്ധം'; കെപിസിസിയില്‍ ഒരു തര്‍ക്കവുമില്ല, പാര്‍ട്ടി ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല

    _______13-02-2022_______


    തിരുവനന്തപുരം: കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായി (K Sudhakaran) നല്ല ബന്ധമാണുള്ളത്. പ്രസിഡന്‍റിന് പൂർണ പിന്തുണ നൽകിയിട്ടുള്ള ആളാണ് താൻ. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ കെ സുധാകരനും നിഷേധിച്ചു. ചെന്നിത്തലയ്ക്കെതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ പരാതികളില്ലെന്നും വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും കെപിസിസി അധ്യക്ഷൻ വിശദീകരിച്ചു.എന്നാല്‍ നയപരമായ കാര്യങ്ങളിൽ ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നതിൽ രമേശ് ചെന്നിത്തലയ്ക്ക് എതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും മറ്റൊരു അധികാരകേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങൾ പറയുന്നുവെന്നാണ് നേതൃത്വത്തിന്‍റെ പരാതി. നേതൃത്വത്തെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് വിമർശനം. പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനത്ത് നിന്നും മാറിയ മുൻഗാമികൾ തുടരാത്ത ശൈലിയാണിതെന്ന പരാതിയാണ് നേതൃത്വത്തിന്. ലോകായുക്ത ഓ‌ർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടെയാണ് അതൃപ്തി രൂക്ഷമായത്. സഭാ സമ്മേളനം തുടങ്ങാനിരിക്കെ സഭയിലെ പ്രതിപക്ഷ നീക്കങ്ങൾ പാർലമെന്‍ററി പാർട്ടി തീരുമാനിച്ച് പ്രതിപക്ഷനേതാവ് പ്രഖ്യാപിക്കേണ്ടതെന്നാണ് നേതൃത്വം പറയുന്നത്.

    ശൈലിയിലെ അതൃപ്തി നേരിട്ട് ചെന്നിത്തലയെ തന്നെ അറിയിക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം. അതേസമയം ലോകായുക്ത ഓർഡിനൻസിനെ എതിർക്കാനുള്ള തീരുമാനം യുഡിഎഫ് എടുത്തതാണെന്ന് ചെന്നിത്തല അനുകൂലികൾ വിശദീകരിച്ചു. മുതിർന്ന അംഗമെന്ന നിലയിലാണ് നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞത്. ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ സതീശൻ പല പ്രമേയങ്ങൾ കൊണ്ടുവന്നതും സർക്കാരിനെതിരെ സ്പീക്കർക്ക് പരാതി നൽകിയതും ചെന്നിത്തലയെ പിന്തുണക്കുന്നവർ എടുത്ത് പറയുന്നു. പുതിയ വിവാദം സഭാ സമ്മേളനം വരാനിരിക്കെ ഭരണപക്ഷത്തിന് അനാവശ്യമായ ആയുധം നൽകിയെന്ന വിമർശനവും ചെന്നിത്തല അനുകൂലികൾ ഉന്നയിക്കുന്നു. സമവായത്തോടെ പാർട്ടി പുനസംഘടന പുരോഗമിക്കുന്നതിനിടെയുണ്ടായ പുതിയ വിവാദം സംസ്ഥാന കോൺഗ്രസിലെ ഭിന്നത ഒന്ന് കൂടി വെളിവാക്കുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728