Header Ads

ad728
  • Breaking News

    സിപിഐ എം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

    28/02/2022

    നിര്‍ണായ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കൊച്ചിയില്‍ സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്‌ച‌ ചെങ്കൊടി ഉയരും. 23ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനസമ്മേളനത്തിന് ബി രാഘവന്‍ നഗറില്‍ രാവിലെ 9.30ന് ചെങ്കൊടി ഉയര്‍ത്തും. മറൈന്‍ഡ്രൈവില്‍ തയ്യാറാക്കിയ നഗരിയില്‍ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സമ്മേളനം.
    പ്രതിനിധി സമ്മേളനം 10.30ന് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രതിനിധികളുടെ രജിസ്ട്രേഷന്‍ 9ന് തുടങ്ങും. പാര്‍ടിയുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം നവകേരള നിര്‍മ്മിതിയില്‍ പാര്‍ടി കാഴ്ചപ്പാട് രൂപീകരിക്കുന്ന നയരേഖ ചര്‍ച്ച ചെയ്യുന്ന സമ്മേളനം കൂടിയാണിത്.  

    ചൊവ്വ രാവിലെ 9.30ന് പതാക ഉയര്‍ത്തലിനും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കും ശേഷം സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയത്തെയും വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുക്കും. രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അവതരിപ്പിക്കും. 12.15ന് പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകീട്ട് നാലിന് നവകേരള സൃഷ്ടിക്കുള്ള പാര്‍ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. വൈകീട്ട് 5.30ന് ഗ്രൂപ്പു ചര്‍ച്ച തുടങ്ങും.

    പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലാ സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ബുധന്‍ രാവിലെ മുതല്‍ പൊതുചര്‍ച്ച തുടരും. വികസന കാഴ്‌ച‌പ്പാടിനെക്കുറിച്ചുള്ള നയരേഖ ചര്‍ച്ച വ്യാഴാഴ്ചയാണ്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മറുപടി.

    സമാപനദിവസമായ വെള്ളി രാവിലെ പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകീട്ട് അഞ്ചിന് മറൈന്‍ഡ്രൈവിലെ ഇ ബാലാനന്ദന്‍ നഗറില്‍ പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728