Header Ads

ad728
  • Breaking News

    YMCA ചെമ്പേരി രജതജൂബിലി സ്മാരകം ഇൻഡോർ ഷട്ടിൽ കോർട്ട് ഉദ്‌ഘാടനം ജനുവരി 12 ന് .




    ചെമ്പേരി YMCA ഓഫീസിനോടനുബന്ധിച്ച് 
    ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൻ കോർട്ടിന്റെ ഉദ്‌ഘാടനം  2022 ജനുവരി 12- ന്  വൈകുന്നേരം 6.00 മണിക്ക് YMCA ദേശീയ പ്രസിഡണ്ട് പാറ്റ്നാ ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും സംസ്ഥാന ന്യൂനപക്ഷാവകാശ  കമ്മീഷൻ ചെയർമാനുമായ ജസ്റ്റിസ് ജെ .ബി കോശി നിർവഹിക്കും. ചെമ്പേരി വൈ എം സി എ യുടെ രജതജൂബിലി വർഷാചരണം അഡ്വ. സജീവ് ജോസഫ് എം.എൽ .എ. യും നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം വൈ എം സി എ കേരള റീജിയൻ ചെയർമാൻ ജോസ് ജി ഉമ്മനും  നിർവഹിക്കും. 
    1998 ൽ ആരംഭിച്ച ചെമ്പേരി വൈ എം സി എ മലയോരമേഖലയിലെ ജീവകാരുണ്യ, സാമൂഹിക , വിദ്യാഭ്യാസ, കലാ സാംസ്‌കാരിക  മേഖലകളിൽ നിരവധി പ്രവർത്തനങ്ങളാണ് ചെയ്തുപോരുന്നത് 2013. ൽ സ്വന്തമായി സ്ഥലം  വാങ്ങി ഒരു താൽക്കാലിക ഓഫീസ് നിർമിച്ചിരുന്നു .ഇപ്പോഴത്തെ പ്രസിഡണ്ട് ഫ്രാൻസിസ് കാക്കനാട്ടിന്റെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം നവീകരിക്കുകയും 30 ലക്ഷത്തോളം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇൻഡോർ ഷട്ടിൽ  കോർട്ടിന്റെ  നിർമാണം പൂർത്തിയാക്കുകയും ചെയ്തിരിക്കുകയാണ് .

     വിദ്യാർത്ഥികൾക്ക് ആവശ്യമായ കളിസ്ഥലങ്ങളും    അനുബന്ധ സൗകര്യങ്ങളും വളരെ പരിമിതമായ മലയോര മേഖലയിൽ വളർന്നു വരുന്ന തലമുറയുടെ കായിക കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിന് വൈ എം സി എ  തുനിഞ്ഞത് എന്ന് പ്രസിഡണ്ട് ഫ്രാൻസിസ് കെ .വി ,  നിർമ്മാണക്കമ്മിറ്റി കൺവീനർ ഷാജിമോൻ വി. ജെ എന്നിവർ പറഞ്ഞു . കായിക പരിശീലനങ്ങൾക്ക് എന്നും പ്രാമുഖ്യം  കൽപ്പിക്കുന്ന സംഘടനയാണ് വൈ. എം സി എ . പത്തൊൻപതാം നൂറ്റാണ്ടിൽ വോളി ബോൾ , ബാസ്കറ്റ് ബോൾ കളികൾ കണ്ടുപിടിച്ച് ലോകത്തിനു സമർപ്പിച്ചത് വൈ എം സി എ  ആണ് . ഏഷ്യയിലെ ആദ്യത്തെ ഫിസിക്കൽ എജുക്കേഷൻ കോളേജ്  ചെന്നൈയിൽ 1920 ൽ വൈ എം സി എ സ്ഥാപിച്ചതാണ് .നൂറ്റി  നാല്പതോളം  രാജ്യങ്ങളിലായി അമ്പത് ദശലക്ഷത്തിലധികം അംഗങ്ങൾ  പ്രവർത്തിക്കുന്ന ആഗോള സംഘടനയായ വൈ എം  സി എ യുടെ ചെമ്പേരി ഘടകം  പ്രവർത്തനമാരംഭിച്ചിട്ട്   ഇരുപത്തഞ്ച് വർഷം പിന്നിട്ടിരിക്കുന്നു . രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് അംഗങ്ങളുടെ നിലോഭമായ സഹകരണമാണ് ലഭിച്ചത് . 
               ഉദ്‌ഘാടന  സമ്മേളനത്തിൽ പ്രസിഡണ്ട് ഫ്രാൻസിസ് കാക്കനാട്ട് അധ്യക്ഷത വഹിക്കും . ചെമ്പേരി ഫൊറോനാ വികാരി റവ . ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും . ഏരുവേശി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ടെസ്സി ഇമ്മാനുവേൽ , വൈ എം സി എ ദേശീയ നിർവാഹക സമിതി അംഗം  ഡോ . കെ എം തോമസ് , റീജിയണൽ വൈസ് ചെയർമാൻ ജിയോ ജേക്കബ് , കണ്ണൂർ സബ് റീജിയൻ ചെയർമാൻ മത്തായി വീട്ടിയാങ്കൽ , മോഹനൻ  മൂത്തേടത്ത് , ഇമ്മാനുവേൽ ജോർജ് , ബാബുക്കുട്ടി ജോർജ് എന്നിവർ പ്രസംഗിക്കും .

    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728