Header Ads

ad728
  • Breaking News

    ഒമിക്രോണ്‍ പരിശോധനക്ക് പുതിയ ആര്‍ടിപിസിആര്‍ കിറ്റ്; നാല് മണിക്കൂറില്‍ ഫലമറിയാം


    05-01-2022 

    രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനിടെ പുതിയ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ച്‌ ഐസിഎംആര്‍.പുതിയ കിറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ ഒമിക്രോണ്‍ പരിശോധനയുടെ ഫലം നാല് മണിക്കൂറിനുളളില്‍ ലഭ്യമാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. നേരത്തെ സ്വീകരിച്ചത് ഏത് വാക്‌സിനാണോ അതേ വാക്‌സിന്‍ തന്നെ ജനങ്ങള്‍ക്ക് കരുതല്‍ ഡോസായി നല്‍കുമെന്നും ഐസിഎംആര്‍ പ്രിതിനിധികള്‍ പറഞ്ഞു.
    അതിനിടെ, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. രോഗികളുടെ നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മറ്റ് രോഗങ്ങളുളള കൊവിഡ് രോഗികള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച്‌ മാത്രമെ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
    അതേസമയം, രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചെന്ന് കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശക സമിതി സ്ഥിരീകരണം നടത്തി. രാജ്യത്തെ മെട്രോ നഗരങ്ങളെയാണ് മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും സമിതി പറഞ്ഞു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞു കവിയാന്‍ സാധ്യയുണ്ടെന്നും കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ ചൂണ്ടിക്കാണിച്ചു.
    കൊവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളെല്ലാം വലിയ പ്രതിസന്ധിയാണ് നേരിട്ടത്. സമാന രീതിയില്‍ മൂന്നാം തരംഗം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഓക്‌സിജന്‍ ക്ഷാമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കാനും സാധ്യതയുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വന്‍ വര്‍ധനവ് കൊവിഡ് രോഗികളുടെ കാര്യത്തിലുണ്ടായി.
    പുതുതായി ഉണ്ടായ 50 ശതമാനം കേസുകള്‍ക്കും പിന്നില്‍ ഒമിക്രോണ്‍ വകഭേദമാണെന്ന് കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കുന്നുണ്ട്. വ്യാപനത്തിന്റെ തോത് നഗരങ്ങളിലാണ് കൂടുതലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യത്തെ 80 ശതമാനം പേര്‍ക്കും വൈറസ് വന്ന് പോയെന്നും, 90 ശതമാനം മുതിര്‍ന്നവരും ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും സ്വീകരിച്ചെന്നും, 65 ശതമാനം പേരും രണ്ട് ഡോസ് വാക്‌സീനും എടുത്തെന്നുമുള്ളത് ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
           

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728