Header Ads

ad728
  • Breaking News

    ഐപിഎൽ: ഇന്ന് ആദ്യ ക്വാളിഫയർ; ഡൽഹിയും ചെന്നൈയും മുഖാമുഖം


    10/10/2021

    ഐപിഎലിൽ ഇന്ന് മുതൽ പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കും. ഇന്ന് രാത്രി 7.30നു നടക്കുന്ന ക്വാളിഫയർ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് നേരിടുക. പോയിൻ്റ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇത്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടും. പരാജയപ്പെടുന്ന ടീം എലിമിനേറ്ററിൽ വിജയിക്കുന്ന ടീമുമായി ക്വാളിഫയർ രണ്ടിൽ ഏറ്റുമുട്ടും. ആ കളി വിജയിക്കുന്ന ടീമും ഫൈനൽ കളിക്കും. (ipl qualifier csk dc)
    അവസാന മൂന്ന് മത്സരങ്ങളിൽ പരാജയം രുചിച്ചാണ് ചെന്നൈ പ്ലേ ഓഫിലെത്തുന്നത്. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്ന ചെന്നൈ അപ്രതീക്ഷിതമായ ഈ തോൽവികളുടെ പശ്ചാത്തലത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അവസാന രണ്ട് തോൽവികളും ഇന്ന് കളി നടക്കുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ്. അതിലൊരു തവണ ഡൽഹിയോടാണ് അവർ കീഴടങ്ങിയത്. കണക്കുകൾ ചെന്നൈക്ക് അനുകൂലമല്ല. എന്നാൽ, പ്ലേ ഓഫുകളിൽ മികച്ച റെക്കോർഡുള്ള ചെന്നൈക്ക് അത് തിരിച്ചടിയാവാൻ ഇടയില്ല.
    ഓപ്പണർമാർ കഴിഞ്ഞാൽ കാറ്റുപോകുന്ന മധ്യനിര തന്നെയാണ് ചെന്നൈയുടെ ദൗർബല്യം. റെയ്ന ഫോമില്ല, പകരമെത്തിയ ഉത്തപ്പ എങ്ങനെയുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. ധോണി ഫോമിലല്ല. മൊയീൻ അലി നിരാശപ്പെടുത്തുന്നു. അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയുമാണ് പ്രതീക്ഷകൾ. അവസാന മത്സരങ്ങളിൽ ചെന്നൈക്ക് പണികൊടുത്തത് ഓപ്പണർമാർ വേഗം പുറത്തായതാണ്. പഞ്ചാബിനെതിരെ ഡുപ്ലെസി പൊരുതിക്കളിച്ചെങ്കിലും പിന്തുണ നൽകാൻ ആർക്കും സാധിച്ചില്ല. ഋതുരാജിനെ ഷോർട്ട് ബോളുകൾ കൊണ്ട് എതിർ ടീം വീഴ്ത്തുന്ന കാഴ്ച ചെന്നൈക്ക് ആശങ്കയാണ്. ഇന്ന് ഡൽഹി ഇതേ തന്ത്രം പിന്തുടർന്നേക്കും. ബൗളിംഗ് നിര ഭേദപ്പെട്ട പ്രകടനം നടത്തുന്നു. പരുക്കിൽ നിന്ന് മുക്തനായാൽ റെയ്ന ഉത്തപ്പക്ക് പകരം ടീമിലെത്തും. പ്ലേ ഓഫുകളിൽ അസാമാന്യ റെക്കോർഡുള്ള താരമാണ് റെയ്ന. ടീമിൽ മറ്റ് മാറ്റങ്ങൾ ഉണ്ടായേക്കില്ല.

    ഡൽഹി ക്യാപിറ്റൽസും ഒരു അവിശ്വസനീയ തോൽവി വഴങ്ങിയാണ് പ്ലേ ഓഫിലെത്തുന്നത്. ആർസിബിക്കെതിരെ അവസാന പന്തിൽ സിക്സർ വഴങ്ങി പരാജയപ്പെട്ടത് ടീമിൻ്റെ മൊറാലിനെ ബാധിച്ചിട്ടുണ്ടാവണം. ഈ തോൽവിയും ഇതേ സ്റ്റേഡിയത്തിലായിരുന്നു. എങ്കിലും ആ തോൽവിയുടെ ആഘാതം മാറ്റിവച്ച് തന്നെയാവും ഡൽഹി കളത്തിലിറങ്ങുക. ടീം അംഗങ്ങൾ ഓരോരുത്തരും അവരവരുടെ റോളുകൾ കൃത്യമായി നിർവഹിക്കുന്നു. പൃഥ്വി ഷായെ വിശ്വസിക്കാൻ കഴിയില്ലെങ്കിലും ചില മിന്നൽ തുടക്കങ്ങൾ നൽകാൻ താരത്തിനു കഴിയും. ധവാൻ തകർപ്പൻ ഫോമിലാണ്. ഋഷഭ് പന്ത്, ശ്രേയാസ് അയ്യർ, ഷിംറോൺ ഹെട്മെയർ എന്നിവരൊക്കെ വേണ്ട സമയത്ത് കൃത്യമായി പ്രകടനം നടത്തുന്നു. റബാഡ, നോർക്കിയ, അവേഷ്, അക്സർ എന്നിവർ അപാര ഫോമിലാണ്. ലീഗിലെ ഏറ്റവും കരുത്തുറ്റ ബൗളിംഗ് നിര. പരുക്ക് മാറിയാൽ മാർക്കസ് സ്റ്റോയിനിസ് റിപൽ പട്ടേലിനു പകരം കളിക്കും

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728