Header Ads

ad728
  • Breaking News

    വെടിവെച്ചും കത്തിച്ചും കഴുത്തറുത്തും പകയിലൊടുങ്ങുന്ന ജീവനുകള്‍; ഇത് പ്രണയമല്ല, അരുംകൊലകള്‍

    നിഥിന.. പ്രണയത്തിൻറെ പേരിലുള്ള പകയിലവസാനിക്കുന്ന ജീവനുകളുടെ പട്ടികയിലേക്ക് ഒടുവിലായി എഴുതിചേർക്കപ്പെട്ട പേര്. പ്രണയത്തിൽ നിന്നു പിന്മാറിയതിലെ ദേഷ്യമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് പ്രതി അഭിഷേക് സമ്മതിച്ചിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കി പരീക്ഷയ്ക്കായി കോളേജിലേക്ക് പോയ മകളെ കാത്തിരുന്ന അമ്മ അറിയുന്നത് മരണവാർത്തയാണ്. ഏക മകളാണ്, ആകെയുള്ള പ്രതീക്ഷയാണ്. എല്ലാം ഇല്ലാതായി, നഷ്ടപ്പെട്ടത് അവളുടെ കുടുംബത്തിനുമാത്രം...

    കേരളത്തിന് പുതിയതല്ല പ്രണത്തിൻറെ പേരിൽ നടക്കുന്ന ഇത്തരം അരുംകൊല. പ്രണയവുമായി കൂട്ടിവായിക്കുന്ന ഇത്തരം സംഭവങ്ങൾ കുറച്ചുകാലമായി നാം കേൾക്കുന്നുണ്ട്. പ്രണയാഭ്യർഥന നിരസിച്ചതിന് രാഖിലിന്റെ തോക്കിൻ മുനയിൽ കണ്ണൂർ സ്വദേശിനി മാനസ നോവായൊടുങ്ങിയതിൻറെ മുറിവുണങ്ങുംമുൻപാണ് നിഥിനയുടെ അരുംകൊലയുടെ വാർത്തയും പുറത്തെത്തുന്നത്.

    ദന്തഡോക്ടറാവാൻ പഠിക്കുകയായിരുന്നു മാനസ. പ്രണയാഭ്യർഥന നിരസിച്ചെന്ന കാരണത്താലാണ് അവളെ രാഖിൽ തോക്കിൻമുനയിൽ ഇല്ലാതാക്കിയത്. തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണ് അവൾ മരിച്ചു. പിന്നാലെ പ്രതിയുടെ ആത്മഹത്യയും

    പെരിന്തൽമണ്ണ ഏളാട് സ്വദേശി ദൃശ്യ കുത്തേറ്റ് മരിച്ചത് ഇക്കഴിഞ്ഞ ജൂണിലാണ്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു. കാരണം പ്രണയം നിരസിക്കൽ. 'പ്രണയിച്ച' പെണ്ണിന്റെ ശരീരത്തിൽ കത്തികൊണ്ടുള്ള 22 മുറിവുകളാണ് വിനീഷ് വീഴ്ത്തിയത്.

    2019 ഒക്ടോബറിലാണ് കൊച്ചി അത്താണിയിൽ പ്ലസ്ടുക്കാരി ദേവികയെ മിഥുൻ എന്ന 26 വയസ്സുകാരൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. മിഥുനും ആത്മഹത്യ ചെയ്തു. കാരണം പ്രണയനൈരാശ്യമെന്ന് പോലീസ്.

    ആലപ്പുഴയിലെ പോലീസുകാരിയായ സൗമ്യ പുഷ്പാകരനെ സഹപ്രവർത്തകനായ അജാസ് സമാനമായ രീതിയിലാണ് കൊലപ്പെടുത്തിയത്. മാവേലിക്കര വള്ളികുന്നം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് തന്നെ മൊഴി നൽകി. വടിവാളുകൊണ്ടു വെട്ടിയതിന് ശേഷമാണ് സൗമ്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അജാസും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. 2019 ജൂണിലായിരുന്നു ഈ ദാരുണസംഭവവും നടന്നത്.

    തൃശ്ശൂരിൽ അച്ഛനും അമ്മയും ഇല്ലാതെ മുത്തശ്ശിക്കൊപ്പം കഴിഞ്ഞിരുന്ന എൻജിനീയറിങ് വിദ്യാർഥിനി നീതുവിനെ നിതീഷ് എന്ന യുവാവ് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതും 2019-ലാണ്. പ്രണയത്തിൽ സംശയം തോന്നിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. കത്തികൊണ്ടുകുത്തി പരിക്കേൽപ്പിച്ചതിനു ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രതിയെ പോലീസ് പിടികൂടി.

    2019ൽ തന്നെയാണ് തിരുവല്ല സ്വദേശിനി കവിതയെ അജിൻ എന്ന യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനു ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. റേഡിയോളജി കോഴ്സ് പഠിക്കുകയായിരുന്ന കവിതയെ കോളേജിലേക്ക് പോകുന്ന വഴിക്ക് നടുറോഡിൽ വെച്ചാണ് അജിൻ ആക്രമിച്ചത്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

    2019 ജൂലൈയിലാണ് കടമ്മനിട്ടയിൽ ശാരിക എന്ന പെൺകുട്ടിയെ അകന്നബന്ധുകൂടിയായ സജിൽ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. പ്രണയത്തിൽ നിന്ന് അകലുന്നുവോ എന്ന സംശയം കൊലയിലേക്ക് നയിച്ചെന്ന് പോലീസ്.

    2017ൽ കോട്ടയത്തെ എസ്.എം.ഇ. കോളേജിലാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച മറ്റൊരു സംഭവമുണ്ടായത്. ഹരിപ്പാട് സ്വദേശിയായ ലക്ഷ്മി (21) യുടെ ജീവനെടുത്തത് അതേ കോളേജിലെ സീനിയറായിരുന്ന ആദർശാണ്. പ്രണയത്തിലെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പരീക്ഷയെഴുതാൻ കോളേജിലെത്തിയ ആദർശ് ലക്ഷ്മിയെ ബലമായി ചേർത്ത് നിർത്തി ഇരുവരുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. രണ്ടും പേരും മരിച്ചു.

    പ്രണയപ്പകയുടെ പുറത്ത് ഏറ്റവും അടുത്തുണ്ടായ ഏതാനും കൊലപാതക സംഭവങ്ങൾ മാത്രമാണിത്. മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട പെൺകുട്ടികൾ നിരവധിയാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയേക്കാം എന്ന സാധ്യതയുമുണ്ട്.

    പ്രണയനൈരാശ്യം, പ്രണയം നിരസിക്കൽ, പ്രണയത്തിലെ സംശയങ്ങൾ, പ്രണയപ്പക... എന്ത് പേരിട്ടുവിളിച്ചാലും നടന്നത് അരുംകൊലകളാണ്. തനിക്ക് പ്രണയം തോന്നുന്നയാൾ തന്നെയും പ്രണയിച്ചേ തീരൂ എന്ന വാശിയെ പൈശാചികമെന്നേ വിളിക്കാനാകൂ. ഒരുനിലയ്ക്കും ആ വിധ്വംസകതയെ ന്യായീകരിക്കാനാവില്ല.

    പ്രണയനഷ്ടവുമായി ചേർന്നുപോകാൻ പറ്റാത്ത അവസ്ഥയാണ് മിക്കതിന്റേയും തുടക്കം. പ്രണയം തിരികെ കിട്ടില്ലെന്ന ഭയം, നിലനിർത്താനാവില്ലെന്ന ആശങ്ക തുടങ്ങിയവയെല്ലാം പകയിലേക്ക് നീളുന്നു. പക വർധിക്കുമ്പോൾ തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുതെന്ന ചിന്ത ഉടലെടുക്കും. എല്ലാം അവസാനിപ്പിക്കാനാവും പിന്നീടുള്ള ചിന്ത. പലരും അക്രമങ്ങളിലേക്ക് നീങ്ങും.. കൊലപാതകത്തിൽ ഒടുങ്ങും.

    രണ്ടിലൊരാൾക്ക് പ്രണയം തോന്നി എന്നതുകൊണ്ടോ ഒരിക്കൽ പ്രണയിച്ചിരുന്നു എന്നതുകൊണ്ടോ അപരൻറെ ഇഷ്ടത്തിന് വഴിപ്പെടണമെന്ന വാശി, തനിക്കല്ലെങ്കിൽ മറ്റൊരാൾക്കും വേണ്ട എന്ന നശീകരണ പ്രവണത ഒരിക്കലും പ്രണയത്തിൻറെ പേരിൽ ന്യായീകരിക്കപ്പെടാൻ പാടില്ല. ഇരകളാക്കപ്പെടുന്നത് എപ്പോഴും പെൺകുട്ടികളാണ്. എപ്പോഴാണ് നമ്മുടെ ആൺകുട്ടികൾ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്? പ്രണയം അവസാനിക്കുമ്പോൾ മറ്റൊരാളുടെ ജീവനെടുക്കുന്ന തരത്തിലേക്ക് പക എത്തുന്നത് ഏത് ഘട്ടത്തിലാണ്? എങ്ങനെയാണ് ഇതിന് തടയിടാനാവുക? ആരെയാണ് നമ്മളിനി പറഞ്ഞുമനസ്സിലാക്കേണ്ടത്?

    ഒരു പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചാൽ അത് അംഗീകരിക്കാനുള്ള പാകത കൂടി ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇഷ്ടം നിരസിക്കുന്നത് ആത്മാഭിമാനത്തെ മുറിപ്പെടുത്തില്ല എന്നും സ്നേഹവും പരിഗണനയും പിടിച്ചുവാങ്ങാനാവില്ലെന്നും ആൺകുട്ടികളെ പഠിപ്പിക്കണം. സ്വന്തം അവകാശങ്ങളെ എന്ന പോലെ അന്യന്റെ അവകാശങ്ങളെക്കുറിച്ച് കൂടി ഒരുവന് ബോധ്യമുണ്ടാവണം. അതിന് മൂല്യബോധ്യത്തോടെയുള്ള വിദ്യാഭ്യാസം നൽകണം. പ്രണയവും വിവാഹവും വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള എല്ലാ അധികാരവും പുരുഷനെന്ന പോലെ സ്ത്രീക്കുമുണ്ട്. അത് നിഷേധിക്കുന്നത് അവകാശ ലംഘനം തന്നെയാണ്.

    പ്രണയവും സൗഹൃദവും വേണ്ട എന്ന് തോന്നിടത്ത് നിർത്താനും അവസാനിപ്പിക്കാനും കഴിയേണ്ട യാത്രയാണ്. തനിച്ചോ ഒന്നിച്ചോ യാത്ര ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും അവനിലോ അവളിലോ മാത്രം നിക്ഷിപ്തമാണ്. സ്വയം ശിക്ഷിക്കുകയോ എതിരാളിയെ ശിക്ഷിക്കാനോ ഉള്ള ലൈസൻസല്ല പ്രണയവും സൗഹൃദവും. ആ ബോധവും വിവേകവും നമ്മുടെ കുട്ടികളിലേക്ക് പകർന്ന് നൽകാൻ സമൂഹത്തിനാവണം. ഇനിയൊരു നിഥിനയോ മാനസയോ ഉണ്ടാവാതിരിക്കട്ടെ..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728