Header Ads

ad728
  • Breaking News

    ഐഫോണിനു പകരം സോപ്പ് ലഭിച്ച മലയാളിക്ക് ആമസോണ്‍ 70,000 രൂപ തിരിച്ചു നല്‍കി



    ഓൺലൈനിൽ ബുക്ക് ചെയ്ത ഐഫോണിന് പകരം സോപ്പ് ലഭിച്ച സംഭവത്തിൽ ഉപഭോക്താവിന് ആമസോൺ മുഴുവൻ തുകയും തിരിച്ചു നൽകി. ആലുവ സ്വദേശി നൂറുൽ അമീനിനാണ് ഐഫോൺ 12 ന്റെ വിലയായ 70,900 രൂപ തിരിച്ചു നൽകിയത്. നഷ്ടപ്പെട്ട തുക മുഴുവനും പൊലീസിന്‍റെ ഇടപെടൽ മൂലം കഴിഞ്ഞ ദിവസം തിരിച്ച് അക്കൗണ്ടിലെത്തിയതായി നൂറുൽ അമീൻ പറഞ്ഞു.

    ഓൺലൈൻ വഴി ഓർഡർ ചെയ്ത 70,900 രൂപയുടെ ഐ ഫോൺ 12നു പകരം നൂറുൽ അമീനു ലഭിച്ചത് അലക്കു സോപ്പും 5 രൂപ നാണയവുമായിരുന്നു. ഇക്കഴിഞ്ഞ 12നാണ് നൂറുൽ അമീൻ ക്രെഡിറ്റ് കാർഡ് മുഖേന ഫോൺ ഓർഡർ ചെയ്തത്. പ്രമുഖ ഓൺലൈൻ സ്റ്റോറിന്റെ ഹൈദരാബാദിലെ വിൽപനക്കാരാണു ഫോൺ അയച്ചത്. ഇങ്ങോട്ടു വരുന്നതിനിടെ ഫോൺ ഒരു ദിവസം സേലത്ത് ഉണ്ടായിരുന്നതായി ഓൺലൈനിൽ രേഖപ്പെടുത്തിയിരുന്നു. അതിൽ സംശയം തോന്നിയതിനാൽ ഡെലിവറിബോയിയുടെ മുൻപിൽ വച്ചാണു പെട്ടി തുറന്നത്.

    അതിന്റെ വിഡിയോ എടുക്കുകയും ചെയ്തിരുന്നു. ഫോണിന്റെ തൂക്കം വരുന്ന സാധനങ്ങൾ പെട്ടിയിൽ കുലുങ്ങാത്ത വിധത്തിൽ അടുക്കി വച്ചിരിക്കുകയായിരുന്നു. ഓൺലൈനിലൂടെ ഇടയ്ക്കിടെ സാധനങ്ങൾ വാങ്ങുന്നയാളാണു നൂറുൽ അമീൻ. സാധാരണ നിലയിൽ തെലങ്കാനയിൽ നിന്ന് അയയ്ക്കുന്ന സാധനങ്ങൾ 2 ദിവസത്തിനകം കൊച്ചിയിൽ എത്തും. ഇത്തവണ 3 ദിവസം കഴിഞ്ഞാണു വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ കമ്പനിയുടെ കസ്റ്റമർ കെയറിലും പൊലീസിന്റെ സൈബർ സെല്ലിലും പരാതി നൽകിയിരുന്നു.

    തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. എസ്പിയുടെ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലിസ് ആമസോണുമായി ബന്ധപ്പെട്ടു. നൂറുൽ അമീറിന് ലഭിച്ച ഐഫോൺ കവറിൽ ഐഎംഇഐ നമ്പർ ഉണ്ടായിരുന്നു. ഇതിൽ നിന്നും ഈ ഫോൺ ജാർഖണ്ഡിൽ ഉപയോഗത്തിലുണ്ടെന്ന് സൈബർ പൊലീസ് കണ്ടെത്തി. ഇതേ ഐഫോണിന് ആപ്പിൾ സ്റ്റോറിലും അക്കൗണ്ട് ഉണ്ട്.

    സൈബർ പൊലീസ് ഇൻസ്പെക്ടർ ബി. ലത്തീഫ്, സീനിയർ സിവിൽ പൊലീസ് ഒഫീസർമാരായ പി.എം. തൽഹത്ത്, സി.പി.ഒ ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്പി കെ. കാർത്തിക് പറഞ്ഞു. കഴിഞ്ഞ മാസം പറവൂരുള്ള എൻജിനീയറിങ് വിദ്യാർഥിയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള ലാപ്പ്ടോപ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവർക്കും റൂറൽ ജില്ലാ പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണവും നടന്നു വരികയാണ്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728