Header Ads

ad728
  • Breaking News

    വൃക്കയിലെ കല്ലിന് പകരം വൃക്ക നീക്കം ചെയ്തു; മരിച്ച രോഗിയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി


    ഡോക്ടറുടെ അശ്രദ്ധ കാരണം വൃക്ക നീക്കം ചെയ്ത് രോഗി മരിച്ച സംഭവത്തിൽ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. ആശുപത്രി ജീവനക്കാരന്റെ അശ്രദ്ധയ്ക്ക് ആശുപത്രിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. നഷ്ടപരിഹാര തുകയും 2012 മുതൽ 7.5 ശതമാനം പലിശയും നൽകാനാണ് ആശുപത്രിയോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

    ഗുജറാത്ത് സ്വദേശിയുടെ ഇടത് വൃക്കയാണ് ഡോക്ടറുടെ അശ്രദ്ധ മൂലം നീക്കം ചെയ്‌തത്. ഇതിനെ തുടർന്ന് രോഗി മരിക്കാനിടയായ സംഭവത്തിൽ ആശുപതി അധികൃതരോട് 11 ലക്ഷം രൂപ നല്കാൻ കോടതി ആവശ്യപ്പെട്ടു. ഗുജറാത്തിലെ കേദ ജില്ലയിലെ വൻഹോർലി ഗ്രാമത്തിൽ നിന്നുള്ള ദേവേന്ദ്രഭായ് റാവൽ ആണ് വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി 2011ൽ ബാലസിനോറിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. ശക്തമായ നടുവേദനയും മൂത്ര തടസവും നേരിട്ടതിനെ തുടർന്ന് 2011 മെയിൽ കെ.എം.ജി ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ 15 മില്ലിമീറ്റർ വലിപ്പമുള്ള കല്ല് ഇടത് വൃക്കയിൽ കണ്ടെത്തി. 2011 സെപ്റ്റംബറിൽ ഇത് നീക്കം ചെയ്യുന്നതിനുള്ള ശസ്തക്രിയ നടത്തി. 

    ഇതിനുശേഷം ആശുപത്രി വിട്ട ദേവേന്ദ്രഭായി അറിഞ്ഞിരുന്നില്ല വൃക്കയിലെ കല്ലിനോടൊപ്പം തന്റെ ഇടതു വൃക്കയും നീക്കം ചെയ്യപ്പെട്ടു എന്ന്. വീണ്ടും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തന്റെ ഇടത് വൃക്ക നഷ്ടപ്പെട്ടു എന്ന് രോഗിയും കുടുംബവും മനസിലാക്കിയത്.

    പിന്നീട്, ദേവേന്ദ്രഭായിയുടെ കുടുംബം അദ്ദേഹത്തിന്റെ ഇടത് കിഡ്‌നി ശസ്തക്രിയയിൽ നീക്കം ചെയ്തതായി ആരോപിച്ച് രംഗത്ത് വന്നിരുന്നു. ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ വൃക്ക രോഗിയുടെയോ അവരുടെ ബന്ധുക്കളുടെയോ അനുവാദമില്ലാതെ വൃക്കയിലെ കല്ലിനോടൊപ്പം നീക്കം ചെയ്‌തതിൽ ദേവേന്ദ്രഭായുടെ കുടുംബം എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് ഡോക്ടർ നൽകിയ വിശദീകരണം ദേവേന്ദ്രഭായിയുടെ താല്പര്യ പ്രകാരം ആണ് ഇത് മറച്ചു വെച്ചത് എന്നായിരുന്നു.

    ശസ്ത്രക്രിയക്ക് ശേഷവും വലിയ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് നാഡിയാഡ് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടയിൽ ദേവേന്ദ്രഭായ്യുടെ ആരോഗ്യ സ്ഥിതി മോശമായി. തുടർന്ന് അഹമ്മദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസ് ആൻഡ് റിസർച്ച് സെന്ററിലേക്ക് തുടർ ചികിത്സക്കായി മാറ്റി. ചികിത്സയിലിരിക്കെ, 2012 ജനുവരി 11 ന് വീണ്ടും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ദേവേന്ദ്രഭായ് മരണത്തിന് കീഴടങ്ങി. ഇതിനുശേഷം അദ്ദേഹത്തിന്റെ ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.

    ഒൻപത് വർഷങ്ങൾക്ക് ശേഷം, മരിച്ചയാളുടെ ബന്ധുവിന്റെ ഹർജി കേട്ട ശേഷം, ഡോക്ടറുടെ അശ്രദ്ധയ്ക്ക് ആശുപത്രിയെ ഉത്തരവാദികളാക്കിയാണ് കേസ് പരിഗണിച്ചത്. ഇതിൽ കമ്മീഷൻ നിരീക്ഷിച്ചത്, ജീവനക്കാരുടെ സ്വന്തം പ്രവൃത്തി മാത്രമല്ല, മറിച്ച് ജീവനക്കാരുടെ അശ്രദ്ധയ്ക്ക് ആശുപത്രി അധികൃതർക്കും ഉത്തരവാദിത്തമുണ്ടെന്നാണ്. വിധിയിൽ നഷ്ടപരിഹാരവും, അതോടൊപ്പം 2012 മുതലുള്ള തുകയുടെ പലിശയും ചേർത്ത് 11 ലക്ഷം രൂപ ദേവേന്ദ്രഭായിയുടെ കുടുംബത്തിന് കൈമാറാൻ ഉത്തരവിട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728