Header Ads

ad728
  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ കൂടുതൽ രാജ്യാന്തര സർവീസുകൾ

    കൂടുതൽ രാജ്യാന്തര സർവീസുകളാരംഭിച്ച് കണ്ണൂർ വിമാനത്താവളം. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസ് ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ 9.45ന് മസ്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചു. 182 യാത്രക്കാരുമായി ഫുൾലോഡ് സർവീസായിരുന്നു ആദ്യത്തേത്. ആഴ്ചയിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുള്ളത്.

    ഏപ്രിൽ 24നാണ് മസ്കറ്റിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നീക്കി 129 ദിവസത്തിനുശേഷമാണ് സർവീസ് പുനരാരംഭിച്ചത്. നേരത്തെ യുഎഇയിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. അതിന് പിന്നാലെയാണ് മസ്കറ്റിലേക്കും സർവീസിന് അനുമതി ലഭിച്ചത്.

    എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ, ഇൻഡിഗോ, ഗോ ഫസ്റ്റ് എന്നിവയാണ് ഗൾഫ് സർവീസ് നടത്തുന്നത്. ഷാർജ, ദുബായ്, അബുദാബി, കുവൈറ്റ്, ദോഹ, റിയാദ്, സലാല എന്നിവിടങ്ങളിലേക്കും കണ്ണൂരിൽനിന്ന് വിമാനമുണ്ട്. മസ്കറ്റിലേക്കുള്ള ആഴ്ചയിലെ മൂന്ന് സർവീസിന് പുറമെ അബുദാബിയിലേക്കും ഷാർജയിലേക്കും ആറുദിവസവും ദുബായിലേക്ക് നാലുദിവസവും വിമാനമുണ്ട്. എന്നാൽ കണ്ണൂരിൽനിന്ന് സ്ഥിരം സർവീസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകിയിട്ടില്ല. വിദേശ വിമാനങ്ങളുടെ സർവീസിനും അനുമതി ലഭിച്ചിട്ടില്ല.

    കോവിഡിനെ തുടർന്നുള്ള അടച്ചിടലിൽ പ്രവാസികളുമായി വിദേശ എയർക്രാഫ്റ്റുകൾ കണ്ണൂരിലിറങ്ങിയിരുന്നു. വൈഡ് ബോഡി എയർക്രാഫ്റ്റുകൾക്ക് പ്രയാസരഹിതമായി കണ്ണൂരിന്റെ റൺവേയിൽ ഇറങ്ങാമെന്നും തെളിഞ്ഞിരുന്നു. വിദേശവിമാന സർവീസിന് അനുമതി തേടി കിയാൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728