Header Ads

ad728
  • Breaking News

    സംസ്ഥാനത്ത് സ്കൂളുകൾ തുറന്നേക്കും സാഹചര്യങ്ങൾ പഠിക്കാൻ വിദഗ്ദസമിതി


    02-09-2021

    സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ആലോചനയുമായി സര്‍ക്കാര്‍. കഴിഞ്ഞദിവസം ആരോഗ്യ വിദഗ്ദരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം.
    സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കും. ഇതിനുപുറമ വിദ്യാഭ്യസ വകുപ്പും പ്രത്യേക പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

    ഈ രണ്ട് റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുക. അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്നായിരുന്നു യോഗത്തില്‍ ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്.
    സംസ്ഥാനത്തെ നിലവിലെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തി പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചത്. വിദേശ സര്‍വ്വകലാശാലകളിലേയും രാജ്യത്തേയും ആരോഗ്യവിദഗ്ധര്‍, വൈറോളജിസ്റ്റുകള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവിലെ രോഗികളുടെ എണ്ണത്തിലെ വര്‍ധനവില്‍ ആശങ്ക വേണ്ടെന്നും തുടക്കം മുതല്‍ കേരളത്തിന്റെ പ്രതിരോധ സംവിധാനം ഫലപ്രദമാണെന്നും യോഗം വിലയിരുത്തി.

    മരണനിരക്ക് കുറച്ച്‌ നിര്‍ത്തിയതിനെ അഭിനന്ദിച്ച വിദഗ്ധര്‍ അത് ഉയരാതിരിക്കാന്‍ ശ്രദ്ധവേണമെന്ന് നിര്‍ദേശിച്ചു. രാത്രികാല യാത്രാ നിരോധനം പോലുള്ള നിയന്ത്രണങ്ങള്‍ ആവശ്യമില്ല. വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ അധികം വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകും. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് നിലവില്‍ രോഗബാധ അപകടകരമല്ലാത്ത സാഹചര്യമാണെന്നതിന്റെ സൂചനയാണ്. അതിനാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ മേഖലകള്‍ തുറന്ന് കൊടുക്കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏറ്റവും നന്നായി കൊവിഡ് ഡാറ്റാ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728