Header Ads

ad728
  • Breaking News

    സമൃദ്ധിയുടെ ഓർമ്മപുതുക്കി ഇന്ന് തിരുവോണം; കരുതലോടെ മലയാള നാട്.


    എല്ലാ വായനക്കാർക്കും ശ്രീകണ്ഠപുരം വിഷന്റെയും --. PR ഗ്രൂപ്പിന്റെയും ഓണാശംസകൾ 


    ഇന്ന് തിരുവോണം. സന്തോഷത്തിൻറെയും സമൃദ്ധിയുടെയും ഉത്സവത്തിലാണ് മലയാളികൾ. ഉത്രാടനാളിൽ അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി കുടുംബങ്ങൾ തിരുവോണത്തിനൊരുങ്ങി. ഓണപ്പൂക്കളത്തിനും ഓണക്കോടിയ്ക്കും ഓണസദ്യയ്ക്കുമുള്ളതെല്ലാം ഇന്നലെത്തന്നെ ഒരുക്കി മാവേലിയെ വരവേൽക്കാൻ കേരളം തയ്യാറായിരുന്നു.
    ഇക്കുറിയും ആഘോഷങ്ങളില്ലാത്തതാണ് മലയാളിയുടെ ഓണക്കാലം. തൃക്കാക്കരയടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ചടങ്ങാകും. മഹാമാരിക്കാലത്തെ ഉത്സവം ഇക്കുറിയും മനസ്സിലും വീട്ടകങ്ങളിലുമായി ഒതുങ്ങും.

    അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലയെ മലയാളി വരവേൽക്കും. അകലങ്ങളിലിരുന്നാണെങ്കിലും മനസ്സുകൊണ്ട് ഒന്നായി മലയാളികൾ ഓണമാഘോഷിക്കും.
    കോവിഡ് കാലത്തെ ഓണാഘോഷത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓണം കഴിഞ്ഞതോടെയും നിയന്ത്രണങ്ങള്‍ കുറച്ചതോടും കൂടി കേസുകള്‍ ക്രമേണ വര്‍ധിച്ച് ഒക്ടോബര്‍ മാസത്തോടെ കൂടി 11,000ത്തോളമായി.
    ഇപ്പോള്‍ അതല്ല സ്ഥിതി. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ്. പ്രതിദിന കോവിഡ് കേസുകള്‍ 20,000ന് മുകളിലാണ്. മാത്രമല്ല കേരളം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലുമാണ്. അതിനാല്‍ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

    'ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്' എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നമ്മുടെ സന്ദേശം. അതിത്തവണയും തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു . സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം.

    കടകളില്‍ പോകുന്നവരും കടയിലുള്ളവരും യാത്ര ചെയ്യുന്നവരും ഡബിള്‍ മാസ്‌കോ, എന്‍ 95 മാസ്‌കോ ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യണം. സോപ്പിട്ട് കൈ കഴുകാതെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടില്ല. എല്ലായിടത്തും 2 മീറ്റര്‍ സാമൂഹിക അകലം ഉത്തരവാദിത്തമായി സ്വയം ഏറ്റെടുക്കണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.

    ആരില്‍ നിന്നും ആരിലേക്കും രോഗം വരാം. വീട്ടിലെ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ അയാളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്ന അവസ്ഥയാണുള്ളത്. കോവിഡ് കാലമായതിനാല്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ പരമാവധി കുറയ്ക്കണം. വീട്ടില്‍ അതിഥികളെത്തിയാല്‍ മാസ്‌ക് നിര്‍ബന്ധമാക്കുക. വന്നയുടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്.

    പ്രായമായവരോടും ചെറിയ കുട്ടികളോടും സ്പര്‍ശിച്ചു കൊണ്ടുള്ള സ്നേഹ പ്രകടനം ഒഴിവാക്കുക. ഇവര്‍ക്ക് വിരുന്നുകാരില്‍ നിന്നും രോഗം വന്നാല്‍ അത് തീരാദു:ഖമാകും. ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം പടരാന്‍ സാധ്യത കൂടുതല്‍. അതിനാല്‍ സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം. ലക്ഷണമില്ലാത്തവരില്‍ നിന്നും വാക്സിന്‍ എടുത്തവരില്‍ നിന്നുപോലും രോഗം പകരാം എന്നതിനാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.





    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728