Header Ads

ad728
  • Breaking News

    മിഠായിയിലെയും ഐസ്ക്രീമിലേയും 'പ്ലാസ്റ്റിക് കോലു'കള്‍ക്ക് വിട; നിരോധനം 2022 ജനുവരി മുതൽ


    മിഠായികളിലും ഐസ്ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന 'പ്ലാസ്റ്റിക് സ്റ്റിക്' നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു._

    _ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ 2022 ജനുവരി 1 നകം നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്._

    _പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ബഡുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍ എന്നിവ ജനുവരി 1-നകം ഘട്ടംഘട്ടമായി നിരോധിക്കാനാണ് തീരുമാനം. അതേസമയം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കപ്പുകള്‍, ഗ്ലാസുകള്‍, ഫോര്‍ക്കുകള്‍, സ്പൂണ്‍, കത്തി, സ്‌ട്രോ, കണ്ടെയ്‌നര്‍, കണ്ടെയ്‌നര്‍ അടപ്പുകള്‍, ട്രേകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് / പി.വി.സി ബാനറുകള്‍ എന്നിവയുടെ ഉപയോഗം അടുത്ത വര്‍ഷം ജൂലൈയില്‍ പൂര്‍ണമായും അവസാനിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്._

    _ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇനങ്ങളില്‍, 120 മൈക്രോണില്‍ കുറവുള്ള റീസൈക്കിള്‍ ചെയ്യാനാകാത്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മ്മിച്ച കാരിബാഗുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 നകം ഘട്ടംഘട്ടമായി ഉപയോഗം അവസാനിപ്പിക്കാമെന്ന്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ചരക്കുകള്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമല്ലെന്നും മന്ത്രി രേഖാമൂലം മറുപടി നല്‍കി._

    _2016-ലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായി 2021 മാര്‍ച്ച് 11 ന് പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് 2022-ഓടെ നിയന്ത്രണം വരും._

    _ഇതിനായി ചീഫ് സെക്രട്ടറി അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 'ഇതിനകം 14 സംസ്ഥാനങ്ങള്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഇല്ലാതാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുമായി 2016 ല്‍ ദേശീയതല ടാസ്‌ക് ഫോഴ്സും മന്ത്രാലയം രൂപീകരിച്ചു' മന്ത്രി പറഞ്ഞു._

    _ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഇല്ലാതാക്കുന്നതിനും സമയബന്ധിതമായി നിയമങ്ങള്‍ നടപ്പാക്കുന്നതിനുമായി സമഗ്രമായ കര്‍മപദ്ധതി ആവിഷ്‌കരിക്കണമെന്ന് സംസ്ഥാന, കേന്ദ്രഭണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍, ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ ഇല്ലാതാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം തന്നെ സ്വീകരിച്ചുകഴിഞ്ഞതായി അശ്വിനി ചൗബെ പറഞ്ഞു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728