Header Ads

ad728
  • Breaking News

    വോട്ടെണ്ണല്‍: ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ലെന്ന് ജില്ലാ കലക്ടർ

    കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്ക് ജില്ലയില്‍ വിലക്കേര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

     ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
         PR
    കൗണ്ടിംഗ് കേന്ദ്രങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് വോട്ടെണ്ണുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാസ് അനുവദിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം. ഇവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരോ 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവരോ ആയിരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത് പരിശോധിച്ച ശേഷമേ കേന്ദ്രത്തിലേക്ക് കടത്തിവിടുകയുള്ളൂ. ഇവരൊഴികെ മറ്റൊരാളെയും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു പുറത്തും പരിസരങ്ങളിലും പൊതുജനങ്ങള്‍ ഒരുമിച്ചുകൂടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം കൃത്യമായി നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലിസ് സൂപ്രണ്ടുമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 
       PR
    സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് ഓരോ മണ്ഡലത്തിലെയും ഈരണ്ട് കേന്ദ്രങ്ങളില്‍ മെയ് 29ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പരിശോധനാ സംവിധാനം ഒരുക്കും. വിജയിച്ച സ്ഥാനാര്‍ഥികളോ ഏജന്റോ വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ വരുന്ന സമയത്ത് കൂടെ പരമാവധി രണ്ടു പേര്‍ മാത്രമേ പാടുള്ളൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

    യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത, വരണാധികാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം വി ജയരാജന്‍, കെ സി മുഹമ്മദ് ഫൈസല്‍, അബ്ദുല്‍ കരീം ചേലേരി, കെ കെ വിനോദ് കുമാര്‍, പി പി ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728