Header Ads

ad728
  • Breaking News

    ദേശീയപാതയോരത്തെ അനധികൃത പാർക്കിംഗിനെതിരെ നടപടി; 450 വാഹനങ്ങൾക്ക് പിഴ

    കണ്ണൂർ: ദേശീയപാതയോരങ്ങളിൽ ഗതാഗതത്തിനും സുരക്ഷയ്ക്കും തടസ്സമാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി ശക്തമാക്കി ജില്ലാ ഭരണകൂടം. നവംബർ ആറുമുതൽ നടത്തിയ പരിശോധനകളിൽ അനധികൃതമായി പാർക്ക് ചെയ്ത 450ഓളം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 1,86,500 രൂപ പിഴ ഈടാക്കുകയും ചെയ്തു.

    ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.

    ചാല ജംഗ്ഷൻ മുതൽ നടാൽ ഗേറ്റ് വരെയുള്ള ഭാഗത്ത് എടക്കാട് പോലീസ് സ്റ്റേഷനും ഹൈവേ പട്രോളിങ് സംഘവും നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്ത 228 വാഹനങ്ങൾ കണ്ടെത്തി. ഇവരിൽനിന്ന് 1,33,000 രൂപ പിഴ ഈടാക്കി.

    ചാല ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ 214 അനധികൃത പാർക്കിങ്ങുകൾ കണ്ടെത്തുകയും 53,500 രൂപ പിഴ ചുമത്തുകയും ചെയ്തു. നവംബർ ആറിന് ചേർന്ന ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പകൽ സമയങ്ങളിൽ വലിയ ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതയിൽ നിന്ന് മാറി നിർത്തിയിടുന്നതിനായി പാർക്കിങ് ബേ ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728