Header Ads

ad728
  • Breaking News

    ജനനത്തിലും മരണത്തിലും ഒന്നിച്ച്‌; ഫുജൈറ അപകടത്തില്‍ മരിച്ച ഇരട്ടകളെ ഒരുമിച്ച്‌ ഖബറടക്കും; മകനും സഹോദരങ്ങളും മരിച്ചത് അറിയാതെ ഫര്‍സാന


    _ഫുജൈറ: ഒരേ ദിവസം ജനിച്ചു, ഒരേ വിദ്യാലയങ്ങളില്‍ പഠിച്ചു, ഒരേ സ്വപ്നങ്ങള്‍ പങ്കിട്ടു. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന ഇരട്ട സഹോദരങ്ങള്‍ മരണത്തിലും വേർപിരിഞ്ഞില്ല._

    _ഇന്നലെ പുലർച്ചെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി ഇരട്ട സഹോദരങ്ങളായ മുഹമ്മദ് അസ്മില്‍ സിദ്ദീഖ് (21), മിസ്ന ജുബിൻ സിദ്ദീഖ് (21) എന്നിവരെയും ഇവരുടെ സഹോദര പുത്രൻ മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഫായിസിനെയും യു.എ.ഇയില്‍ ഒരുമിച്ച്‌ ഖബറടക്കും._

    _കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നുപേരും മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിനു ശേഷം ഫുജൈറയിലെ പള്ളിയില്‍ മയ്യിത്ത് നമസ്കാരം നടത്തി ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം._

    _സന്തോഷയാത്ര ദുരന്തത്തിലേക്ക്_

    _കുടുംബത്തോടൊപ്പം ഷാർജയിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രി ബന്ധുവിനെ ഷാർജയില്‍ ഇറക്കിയ ശേഷം ഫുജൈറയിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. രാത്രി 11 മണിയോടെ ഫുജൈറ കോടതി സമുച്ചയത്തിന് സമീപം ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു._

    _ഇരട്ടകളുടെ മാതാവ് ആരിഫ അപകടത്തിന് ദൃക്സാക്ഷിയായി. പരിക്കേറ്റ നിലയിലും മൂത്ത മകൻ അജ്മല്‍ സിദ്ദീഖിനെ വിളിച്ച്‌ വിവരം അറിയിച്ചത് ആരിഫയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ അസ്മിലും മിസ്നയും കുഞ്ഞ് ഫായിസും കാറില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണതായി ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല._

    _ആരിഫ, മകള്‍ ഫർസാന, ഫർസാനയുടെ മറ്റു രണ്ടു മക്കള്‍ എന്നിവർ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. ചികിത്സയ്ക്കും തുടർപരിശോധനകള്‍ക്കുമായി ആശുപത്രിയിലായിരുന്നു. അപകടത്തില്‍ മകള്‍ക്ക് സ്വന്തം കുഞ്ഞിനെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട വിവരം വ്യാഴാഴ്ച രാത്രി വരെയും ഫർസാനയെ അറിയിച്ചിരുന്നില്ല. പിന്നീട് ആണ് അറിയിച്ചത്._

    _എല്ലാത്തിലും ഒരുമിച്ച്‌_

    _കേരളത്തില്‍ ജനിച്ചുവളർന്ന ഇരട്ടകള്‍ പത്താം ക്ലാസ് വരെ നാട്ടിലാണ് പഠിച്ചത്. പിന്നീട് ഫുജൈറയിലെത്തി പ്ലസ് ടു പൂർത്തിയാക്കി. ഓണ്‍ലൈനായി ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ബി.സി.എ) ബിരുദപഠനം നടത്തിവരികയായിരുന്നു. പഠനത്തിനൊപ്പം പിതാവിന്റെ ബിസിനസിലും സഹായിച്ചിരുന്നു. നാലു മക്കളില്‍ ഏറ്റവും ഇളയവരായിരുന്നു അസ്മിലും മിസ്നയും._

    _ഇരുവരും തമ്മില്‍ അത്രമേല്‍ ആഴത്തിലുള്ള ആത്മബന്ധമായിരുന്നുവെന്ന് ബന്ധുക്കള്‍ ഓർക്കുന്നു. താല്‍പര്യങ്ങളിലും സ്വഭാവത്തിലും ഏറെ സാമ്യമുണ്ടായിരുന്ന ഇരുവരും മിക്കപ്പോഴും ഒരുമിച്ചായിരുന്നു. മാതാപിതാക്കളോടും വലിയ അടുപ്പം പുലർത്തിയിരുന്നു. ഇരട്ടകളുടെ വിയോഗം കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമാണെന്ന് സഹോദരന്റെ ഭാര്യ മുംതാസ് പറഞ്ഞു._

    _ഫുജൈറയ്ക്ക് സുപരിചിതമായ കുടുംബം_

    _പിതാവ് സിദ്ദീഖ് പതിറ്റാണ്ടുകളായി യു.എ.ഇയില്‍ കഴിയുന്നയാളാണ്. ഫുജൈറയിലെ മലയാളികള്‍ക്കും സ്വദേശികള്‍ക്കുമിടയില്‍ ഏറെ പരിചിതമായ മുഖം. 1978ല്‍ ആരംഭിച്ച ഇവാ കഫറ്റീരിയ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അദ്ദേഹം. പ്രദേശവാസികള്‍ക്കും സ്വദേശികള്‍ക്കുമിടയില്‍ ഏറെ ജനപ്രിയമായ സ്ഥാപനമാണിത്. ഫുജൈറയിലെ പിതാവിന്റെ സ്ഥാപനത്തില്‍ അസ്മിലും പതിവായി എത്താറുണ്ടായിരുന്നു._

    _മലപ്പുറം ജില്ലയിലെ കുന്നുംപുറത്തെ അല്‍ ജസീറ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അസ്മിലിന്റെ വിയോഗത്തില്‍ അനുശോചിച്ചു. നാട്ടില്‍ കലാ-കായിക പ്രവർത്തനങ്ങളില്‍ സജീവമായിരുന്ന അസ്മിലിനെ എപ്പോഴും പുഞ്ചിരിയോടെ സംസാരിക്കുകയും സുഹൃത്തുക്കള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്ത പ്രിയപ്പെട്ട കൂട്ടുകാരനായാണ് ക്ലബ്ബ് ഓർത്തത്._

    _വെള്ളിയാഴ്ച മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനും തുടർനടപടികള്‍ക്കുമായി സാമൂഹിക പ്രവർത്തകരും മലയാളി കൂട്ടായ്മകളും കുടുംബത്തിന് സഹായവുമായി രംഗത്തുണ്ട്. അപകടത്തില്‍ ഇന്ത്യക്കാർ ഉള്‍പ്പെടെ മരിച്ച സംഭവത്തില്‍ ദുബൈയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി സഹകരിച്ച്‌ ആവശ്യമായ സഹായങ്ങള്‍ നല്‍കിവരികയാണെന്നും അറിയിച്ചു._

    _ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡില്‍ നിയന്ത്രണംവിട്ട ട്രക്ക് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 14 പേരാണ് മരിച്ചത്. 30 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച അർധരാത്രിക്ക് തൊട്ടുമുമ്പുണ്ടായ അപകടത്തെ തുടർന്ന് വൻ തീപിടിത്തവുമുണ്ടായതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728