Header Ads

ad728
  • Breaking News

    ശബരിമലയിൽ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി; 200 ഓളം ശുചിമുറികൾ വെള്ളമില്ലാതെ, അട്ടിമറി സംശയം



    പത്തനംതിട്ട: ശബരിമല തീർത്ഥാടന മേഖലയിലെ പമ്പയിൽ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു. പോലീസ് മെസ്സിലേക്കുള്ള വെള്ളത്തിന്റെ വിതരണവും മുടങ്ങിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആസൂത്രിതമായ അട്ടിമറി ശ്രമമുണ്ടോയെന്ന സംശയത്തിലാണ് അധികൃതർ.


    പമ്പയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന വാൽവുകൾ ആരോ അടച്ചിട്ടതായി നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇത്തവണ ശുചിമുറികളുടെ നടത്തിപ്പ് കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികൾക്ക് നൽകുന്നത് ഒഴിവാക്കി ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുക്കുകയും തീർത്ഥാടകർക്ക് സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തോടുള്ള വൈരാഗ്യമാണോ ജലവിതരണം തടസ്സപ്പെടുത്തിയതിന് പിന്നിലെന്നും അധികൃതർ സംശയിക്കുന്നുണ്ട്.

    സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇനിയും സമാനമായ രീതിയിൽ ജലവിതരണം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ വാൽവുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചു.

    നേരത്തെ ചിത്തിര ആട്ടവിശേഷ സമയത്തും സമാനമായ രീതിയിൽ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയിരുന്നു. അന്ന് ദേവസ്വം ബോർഡിലെ ഒരു ജീവനക്കാരനെ സ്വാധീനിച്ചാണ് ചിലർ വെള്ളം തടസ്സപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ബന്ധപ്പെട്ട ജീവനക്കാരനെ ദേവസ്വം ബോർഡ് സർവീസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. വീണ്ടും സമാനമായ സംഭവം ആവർത്തിച്ചതോടെ പമ്പയിലെ ജലവിതരണ സംവിധാനത്തിന്റെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കാനുള്ള നടപടികളിലാണ് ദേവസ്വം ബോർഡ്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728