Header Ads

ad728
  • Breaking News

    ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു; സഹപാഠിയായ പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍



    താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാനില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിയുടെ ക്രൂരമർദനത്തെത്തുടർന്ന് മലയാളി വിദ്യാർഥിനി മരണപ്പെട്ടു.
    Geographic Reference
    ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23) എന്ന യുവാവിനെ ഉസ്ബെക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്.

    മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. സാവരിയയും സദറുല്‍ അനമും തമ്മിലുണ്ടായ പെട്ടെന്നുള്ള തർക്കമാണ് അനിഷ്ടസംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് സൂചന. വാക്കുതർക്കത്തിനിടയില്‍ പ്രകോപിതനായ യുവാവ് കയ്യിലുണ്ടായിരുന്ന ലാപ്ടോപ്പ് ഉപയോഗിച്ച്‌ സാവരിയയുടെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. ആക്രമണത്തിന്റെ കൃത്യമായ കാരണങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.
    സംഭവദിവസം തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത ഉസ്ബെക്കിസ്ഥാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി നിലവില്‍ ജയിലിലാണ്. കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം വിമാനമാർഗ്ഗം ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് തന്നെ മൃതദേഹം ജന്മനാടായ ഹരിപ്പാട്ടേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതരും ബന്ധുക്കളും.
    സാവരിയയുടെ പിതാവ് വിദേശത്തായതിനാലും, വീട്ടുകാർക്ക് ഉസ്ബെക്കിസ്ഥാനിലേക്ക് ഉടൻ തിരിക്കാൻ വിസ സംബന്ധിച്ച സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായതിനാലും ആദ്യഘട്ടത്തില്‍ നടപടികള്‍ വൈകിയിരുന്നു. തുടർന്ന് മറ്റൊരു ബന്ധു അടിയന്തരമായി വിസ സംഘടിപ്പിച്ച്‌ ഉസ്ബെക്കിസ്ഥാനില്‍ എത്തിയ ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഔദ്യോഗിക നടപടികള്‍ വേഗത്തിലാക്കിയത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728