അക്രമത്തിനിരയായവർ പരാതിയുമായി രംഗത്തെത്തിയത് 5 മണിക്കൂർ കഴിഞ്ഞ്; ഒഴിയാതെ ദുരൂഹത
പിലാത്തറ ∙ പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ഭീതിസൃഷ്ടിച്ച് സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തു കേസിൽ ദുരൂഹത ഒഴിഞ്ഞില്ല. കാർ അക്രമിക്കപ്പെട്ട് 5 മണിക്കൂർ കഴിഞ്ഞ്, പൊലീസ് അന്വേഷിക്കുമ്പോഴാണ് അക്രമത്തിനിരയായവർ പരാതിയുമായി രംഗത്തെത്തിയത്. 25 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി നൽകിയിരുന്നത്. എന്നാൽ, 55 ലക്ഷം രൂപ കൂടി കവർച്ച ചെയ്യപ്പെട്ടതായി രാത്രി കാറിന്റെ ഉടമ, തലശ്ശേരിയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി അശോക് യശ്വന്ത് പൊലീസിനോട് പറഞ്ഞു. ഇക്കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
പഴയ സ്വർണം വാങ്ങി മഹാരാഷ്ട്രയിൽ കൊണ്ടുപോയി വിൽപന നടത്തി പുതിയ ആഭരണങ്ങൾ കേരളത്തിലെത്തിക്കുന്ന വ്യാപാരമാണ് ഇവരുടേതെന്ന് പറയുന്നു. മഹാരാഷ്ട്രയിൽ നിന്ന് വരുമ്പോൾ കൊണ്ടുവരാറുള്ള പുതിയ ആഭരണങ്ങളും പഴയ സ്വർണം വാങ്ങാനുള്ള പണവും കാറിലുണ്ടെന്നു കരുതിയാണ് അക്രമമെന്നാണു സൂചന. സീറ്റുകളും ഡാഷ്‌ബോർഡിന്റെ ഭാഗങ്ങളും ഫ്ലോർ മാറ്റുകളും പൂർണമായും അഴിച്ചുമാറ്റിയും തകർത്തും അക്രമികൾ പരിശോധിച്ചിട്ടുണ്ട്. രഹസ്യ അറകൾ കണ്ടെത്താനാണിതെന്ന് സംശയിക്കുന്നു.
പിലാത്തറ പയച്ചി സഹകരണ കോളജിലെ സുരക്ഷാജീവനക്കാരനാണ് പിലാത്തറ മാതമംഗലം റോഡിൽനിന്ന് ഒരു കിലോമീറ്റർ അകലെ വിജനമായ കോളജ് റോഡരികിൽ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നലെ രാവിലെ 6.15ന് കണ്ടത്. തകർത്ത കാറിനു സമ ീപത്തായി വസ്ത്രങ്ങൾ വാരിവലിച്ചിട്ടിരുന്നു. കാറിൽ രക്തക്കറയും കണ്ടതോടെ ആശങ്കയേറി. ഉടൻ കോളജ് അധികൃതരെയും നാട്ടുകാരെയും വിവരമറിയിച്ചു. പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നമ്പർ പരിശോധിച്ചപ്പോൾ തലശ്ശേരിയിൽ താമസിക്കുന്നയാളുടെ കാറാണെന്നു കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു കാറിലുണ്ടായിരുന്നവർ മഹാരാഷ്ട്ര സ്വദേശികളാണെന്നും തലശ്ശേരിയിലുണ്ടെന്നും വിവരം ലഭിച്ചത്
ദേശീയപാതയിൽ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചിനാണ് സംഭവം. പെരിന്തൽമണ്ണയിലെ എഎസ്കെ ഗോൾഡ് വർക്സ് ഉടമ, മഹാരാഷ്ട്ര സ്വദേശി കുമാർ ജലിന്തർ നിഗവും ഭാര്യയും രണ്ടുമക്കളും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്.. തലശ്ശേരിയിലെ സുഹൃത്തിന്റെ കാറിൽ മഹാരാഷ്ട്രയിൽനിന്നു തലശ്ശേരിയിലേക്ക് വരികയായിരുന്നു. 2 കാറുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചതെന്ന് ഇവർ പറയുന്നു
No comments