രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 60 രൂപ കൂടി
ഡല്‍ഹി:രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്.പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങള്‍ ക്രൂഡ് ഓയില്‍ വിലയെയും ഊർജ ഇറക്കുമതിയെയും ബാധിച്ചതാണ് നിലവിലെ വിലവർധനവിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.
വില വർധനവോടെ കൊച്ചിയില്‍ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയായും വാണിജ്യ സിലിണ്ടറിന്റേത് 1890.50 രൂപയായും ഉയർന്നു. ഡല്‍ഹിയില്‍ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1883 രൂപയുമാണ് പുതിയ നിരക്ക്. മുംബൈയില്‍ യഥാക്രമം 912.50 രൂപയും 1835 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ ഗാർഹിക സിലിണ്ടറിന് 939 രൂപയും വാണിജ്യ സിലിണ്ടറിന് 1990 രൂപയുമായി. ചെന്നൈയില്‍ ഇത് 928.50 രൂപയും 2043.50 രൂപയുമാണ്.
അതേസമയം, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണങ്ങള്‍ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി തള്ളി. രാജ്യത്ത് ഇന്ധന വിതരണം സുഗമമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയില്‍ കോർപ്പറേഷനും ഔദ്യോഗികമായി അറിയിച്ചു.
No comments